തിരുവന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി എന്‍.കെ സുഹറാബി. രാജ്യത്തെ തന്നെ ഗൗരവതരമായ ഒരു പ്രവേശന പരീക്ഷ എഴുതാന്‍ തയ്യാറായി വന്ന വിദ്യാര്‍ഥിനികളെ അടിവസ്ത്രമുരിഞ്ഞ് അപമാനിക്കുകയും മാനസികമായി പീഢിപ്പിക്കുകയും ചെയ്തവര്‍ മാപ്പര്‍ഹിക്കുന്നില്ല.
ഭാവി ജീവിതത്തിലുടനീളം ബാധിക്കുന്ന തരത്തിലുള്ള മാനസീകാഘാതമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. വിദ്യാർഥിനികളുടെ പരീക്ഷ എഴുതാനുള്ള ആത്മവിശ്വാസം പോലും നഷ്ടപ്പെടാന്‍ സംഭവം കാരണമായി. പരീക്ഷാ നടത്തിപ്പിന് ചുമതലപ്പെടുത്തപ്പെട്ട ഏജന്‍സിക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണം. നൂറിലധികം വിദ്യാർഥികളെ വസ്ത്രാക്ഷേപം നടത്തിയ ക്രിമിനലുകള്‍ക്കെതിരേ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം.
മനുഷ്യാവകാശ കമീഷനും വനിത കമീഷനുള്‍പ്പെടെ വിഷയത്തില്‍ ഇടപെടണം. കോവിഡ് മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രങ്ങള്‍ കൂട്ടിയിട്ടത് എന്ത് മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കണം. മേലില്‍ ഇത്തരം ഗുരുതരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവണമെന്നും എന്‍.കെ സുഹറാബി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.