കൊച്ചി: നീറ്റ് പി.ജി പ്രവേശന പരീക്ഷയെഴുതുന്ന കേരളത്തിലെ ഡോക്ടർമാരിൽ വലിയൊരു വിഭാഗത്തിന് അനുവദിച്ചിരിക്കുന്നത് വിദൂര സ്ഥലങ്ങളിലെ പരീക്ഷ കേന്ദ്രങ്ങൾ. അയ്യായിരത്തോളം പേർക്ക് ആന്ധ്രപ്രദേശിലാണ് പരീക്ഷ കേന്ദ്രം.
ഇത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നതെന്നും ഇതിലൂടെയുണ്ടാകുന്ന ഭീമമായ സാമ്പത്തിക ചെലവും യാത്ര ചെയ്യാനുള്ള പ്രയാസവും തങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും പരീക്ഷാർഥികൾ പറഞ്ഞു.
പരീക്ഷ തീയതി മൂന്നുതവണ മാറ്റിയ ശേഷമാണ് ആഗസ്റ്റ് 11ന് നിശ്ചയിച്ചിരിക്കുന്നത്. മാർച്ചിൽ നടക്കേണ്ടിയിരുന്ന പരീക്ഷ ജൂലൈയിലേക്കാണ് ആദ്യം മാറ്റിയത്. ഇത് പിന്നീട് ജൂണിലേക്കാക്കി. വീണ്ടും മാറ്റി ആഗസ്റ്റിലേക്ക് തീരുമാനിക്കുകയായിരുന്നു.
അപേക്ഷ സമർപ്പിക്കുമ്പോൾ കേരളത്തിലെ മൂന്ന് പരീക്ഷ കേന്ദ്രങ്ങൾക്കൊപ്പം അവസാന ഓപ്ഷനായി ആന്ധ്രപ്രദേശും ചേർക്കേണ്ടിയിരുന്നു. ഇതോടെ പരീക്ഷസ്ഥലം നിശ്ചയിച്ച് അറിയിപ്പ് വന്നപ്പോൾ വലിയൊരു വിഭാഗത്തിന് ആന്ധ്രപ്രദേശിൽ കേന്ദ്രം അനുവദിക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ പരീക്ഷ കേന്ദ്രം കൃത്യമായി എവിടെയായിരിക്കുമെന്ന് വിദ്യാർഥികൾക്ക് ലഭിച്ച മെയിലിൽ വ്യക്തമാക്കിയിട്ടില്ല. സ്ഥലപ്പേര് മാത്രമാണ് നൽകിയിരിക്കുന്നതെന്നും അവർ പറഞ്ഞു.
പരീക്ഷക്ക് രണ്ടുദിവസം മുമ്പ് മാത്രമായിരിക്കും കേന്ദ്രം അറിയിക്കുകയെന്നാണ് വിവരമെന്നും ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്നും അവർ പറഞ്ഞു. 2500ഓളം പേർക്ക് വിശാഖപട്ടണത്തും മൂവായിരത്തോളം പേർക്ക് തിരുപ്പതിയുമാണ് അനുവദിച്ചിരിക്കുന്നത്.
പ്രശ്നപരിഹാരത്തിന് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.