തിരുവില്വാമല: അധ്യയനം പുനരാരംഭിച്ച് രണ്ടാം ദിവസം പാമ്പാടി നെഹ്റു കോളജില്‍ അധ്യാപകരുടെ പണിമുടക്ക്. ‘വാണ്ടഡ് ക്രിമിനല്‍സ്’ എന്നെഴുതി, ചിത്രങ്ങള്‍ പതിച്ച പോസ്റ്റര്‍ സ്റ്റാഫ് റൂം പരിസരത്തുള്‍പ്പെടെ വിദ്യാര്‍ഥികള്‍ പതിച്ചതും കീറി മാറ്റാന്‍ അധ്യാപകന്‍ ശ്രമിച്ചതുമാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്.
വിദ്യാര്‍ഥികളുമായുള്ള സംഘര്‍ഷത്തില്‍ കൈ ഒടിഞ്ഞുവെന്ന് പറഞ്ഞ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അധ്യാപകന്‍ നിധിന്‍ ജോയെ നെഹ്റു മാനേജ്മെന്‍റിന്‍െറ നിയന്ത്രണത്തിലുള്ള വാണിയംകുളം പി.കെ. ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം കണ്ട് ബോധരഹിതയായ പി.ആര്‍ ഓഫിസിലെ ജീവനക്കാരി സുചിത്രയെ രക്തസമ്മര്‍ദം താഴ്ന്ന നിലയില്‍ തിരുവില്വാമല പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഈ സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് അധ്യാപകര്‍ പണിമുടക്കിയത്. അതേസമയം, സംഭവങ്ങള്‍ മാനേജ്മെന്‍റ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് പ്രതിചേര്‍ത്ത നെഹ്റു ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകരായ പ്രവീണ്‍, ദിപിന്‍ എന്നിവരുടെ ചിത്രങ്ങളുള്ള പോസ്റ്ററാണ് കോളജില്‍ വിവിധ സ്ഥലങ്ങളില്‍ വിദ്യാര്‍ഥികള്‍ പതിച്ചത്. ഇതില്‍ സ്റ്റാഫ് റൂമിനോട് ചേര്‍ന്ന് കണ്ട പോസ്റ്റര്‍ അധ്യാപകന്‍ നിധിന്‍ ജോ കീറിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുവെന്നും ആക്രമിച്ചുവെന്നുമാണ് ആക്ഷേപം. സംഘര്‍ഷാവസ്ഥ കുറച്ചുനേരം നീണ്ടു.ഇതോടെ അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. കോളേജിനു മുന്നില്‍ പ്രതിഷേധക്കൂട്ടായ്മ നടത്തി. അധ്യാപകര്‍ക്ക്, പ്രത്യേകിച്ച് വനിതകള്‍ സുരക്ഷിതത്വമില്ളെന്നും കാമ്പസില്‍ ക്യാമ്പ് ചെയ്യുന്ന പൊലീസ് കാഴ്ചക്കാരാണെന്നും ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്നവിദ്യാര്‍ഥികളുടെ പ്രതിഷേധ കൂട്ടായ്മയില്‍ ഒരു വിഭാഗം അധ്യാപകരെയും മാനേജ്മെന്‍റ് പ്രതിനിധികളെയും പേരെടുത്ത് വിമര്‍ശിച്ചതിനെച്ചൊല്ലി ആദ്യ ദിവസംതന്നെ അസ്വസ്ഥത നിലനിന്നിരുന്നു.
പ്രിന്‍സിപ്പല്‍ അധ്യാപകരുടെ യോഗം വിളിച്ച ശേഷമാണ് വെള്ളിയാഴ്ച ക്ളാസെടുക്കാന്‍ തയാറായത്. ഇന്നലത്തെ സംഭവത്തിനു ശേഷം അധ്യാപക-വിദ്യാര്‍ഥി പ്രതിനിധികളുമായി പഴയന്നൂര്‍ എസ്.ഐ മനോജ് ഗോപി ചര്‍ച്ച നടത്തി. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചെന്നും തിങ്കളാഴ്ച ക്ളാസ് നടക്കുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍, ഒരു വിഭാഗം അധ്യാപകര്‍ സുരക്ഷിതത്വമില്ളെന്ന പരാതിയുമായി തൃശൂര്‍ കലക്ടറെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.