മാനന്തവാടി: പനമരം താഴെ നെല്ലിയമ്പത്ത് റിട്ട. അധ്യപകനും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തിൽ അയൽവാസിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. താഴെ നെല്ലിയമ്പം കായക്കുന്ന് കുറുമ കോളനിയിലെ അർജുനെ (24) യാണ് മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
ജൂൺ 10ന് രാത്രിയാണ് താഴെ നെല്ലിയമ്പം പത്മാലയത്തിൽ കേശവനും (72) ഭാര്യ പത്മാവതിയും (69) കുത്തേറ്റ് മരിച്ചത്. മോഷണത്തിനായി വീട്ടിൽ നേരത്തേ കയറിക്കൂടിയ പ്രതിയെ കേശവൻ കണ്ടതിനെ തുടർന്ന് കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇത് കണ്ട പത്മാവതിയെയും അർജുൻ ആക്രമിച്ച് ഓടിരക്ഷപ്പെട്ടു.
അന്വേഷണത്തിെൻറ ഭാഗമായി പൊലീസ് അഞ്ചുലക്ഷത്തോളം ഫോൺ വിളികളും നൂറ്റമ്പതോളം സി.സി.ടി.വികളും പരിശോധിച്ചു. മൂവായിരത്തോളം മുൻകാല കുറ്റവാളികളെയും ചോദ്യംചെയ്തു.
അർജുനെ ചോദ്യംചെയ്തപ്പോൾ മൊഴിയിൽ വൈരുധ്യം കണ്ടതിനെ തുടർന്ന് കൂടുതൽ ചോദ്യംചെയ്യാനായി ഡിവൈ.എസ്.പി ഓഫിസിലേക്ക് വിളിച്ചുവരുത്തി. ഇതിനിടെ വിഷം കഴിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.
ചികിത്സ പൂർത്തിയായശേഷം വീണ്ടും ചോദ്യംചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാർ പറഞ്ഞു. ഒന്നരവർഷം മുമ്പ് ഇയാൾ വീടിനടുത്തുള്ള മറ്റൊരു വീട്ടിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ചതായും പൊലീസ് പറയുന്നു.
പ്രതിയെ കൃത്യം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. പിന്നാലെ മാനന്തവാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.