തിരുവനന്തപുരം: എസ്.എം. വിജയാനന്ദ് വിരമിക്കുന്ന ഒഴിവിൽ പുതിയ ചീഫ് സെക്രട്ടറിയെ ബുധനാഴ്ചത്തെ മന്ത്രിസഭ യോഗം തീരുമാനിക്കും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറിയാകാനാണ് സാധ്യത. െഎ.എ.എസുകാരിൽ ഏറ്റവും സീനിയറായ നളിനി നെറ്റോ ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കൂടിയാണ്. നിയമനത്തിന് മന്ത്രിസഭ അംഗീകാരംനൽകിയാൽ ഇടവേളക്കുശേഷം ഉദ്യോഗസ്ഥ തലപ്പത്ത് വനിത ഒാഫിസർ വരുമെന്ന പ്രത്യേകതയുമുണ്ട്. ഇപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറിമാരായ ജെയിംസ് വർഗീസ്, പി.എച്ച്. കുര്യൻ എന്നിവർക്ക് അഡീഷനൽ ചീഫ് സെക്രട്ടറിമാരായി സ്ഥാനക്കയറ്റം ലഭിക്കും. ഇതിെൻറ തുടർച്ചയായി െഎ.എ.എസ് തലത്തിൽ അഴിച്ചുപണിയും ഉണ്ടാകുമെന്നാണ് സൂചന.
ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് പുറമെ അഡീഷനൽ ചീഫ് സെക്രട്ടറി ഷീലാ തോമസും മാർച്ച് 31ന് വിരമിക്കും. ഇരുവർക്കും ബുധനാഴ്ച സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ യാത്രയയപ്പ് നൽകും. വിജയാനന്ദ് 81 ബാച്ചിലെയും ഷീലാ തോമസ് 85 ബാച്ചിലേയും ഉദ്യോഗസ്ഥരാണ്. നളിനി നെറ്റോയും 81 ബാച്ചിലെ ഉദ്യോഗസ്ഥയാണ്. ആഗസ്റ്റ് വരെ സേവന കാലാവധിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.