വിവാഹിതരായ സന്ദീപ് പാമ്പള്ളിയും സുരഭിയും വിവാഹശേഷം ഐ.എഫ്.എഫ്.കെ വേദിയായ ടാഗോർ തിയറ്ററിൽ എത്തിയപ്പോൾ

മേളക്കാലത്തെ പ്രണയം... ഐ.എഫ്.എഫ്.കെ വേദിയിൽ ദമ്പതികളായി പാമ്പള്ളിയും സുരഭിയും

തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയിൽ മൊട്ടിട്ട പ്രണയം ഒടുവിൽ മേളക്കാലത്ത് തന്നെ സഫലമായി. യുവ സംവിധായകൻ പാമ്പള്ളിയും കേരള ഹെൽത്ത് സർവിസിൽ ഉദ്യോഗസ്ഥയായ സുരഭിയുമാണ് ആറുവർഷത്തെ പ്രണയം ഒടുവിൽ മാംഗല്യത്തിലേക്ക് എത്തിച്ചത്. കല്ലമ്പലം ജെ.ജെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിന് ശേഷം വിവാഹവേഷത്തിൽ മേളയുടെ മുഖ്യവേദിയായ ടാഗോർ തിയറ്ററിലെത്തിയ ഇരുവരെയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്‍റെ നേതൃത്വത്തിൽ അക്കാദമി ഭാരവാഹികൾ സ്വീകരിച്ചു.

ആറുവർഷം മുമ്പ് ഐ.എഫ്.എഫ്.കെ വേദിയിലാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ പാമ്പള്ളി കല്ലമ്പലം സ്വദേശിയായ സുരഭിയെ പരിചയപ്പെടുന്നത്. സിനിമയോടുള്ള പ്രണയവും ജീവിതസങ്കൽപങ്ങളും സമാനമെന്ന്​ തിരിച്ചറിഞ്ഞതോടെ ഒരുമിച്ച്​ ജീവിക്കാൻ ഉറച്ചു. എല്ലാ ഐ.എഫ്.എഫ്​.കെകളിലും ഒരുമിച്ച്​ ചിത്രങ്ങൾ കണ്ടു. 2018ൽ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം പാമ്പള്ളി സംവിധാനം ചെയ്ത 'സിൻജാർ' എന്ന ചിത്രത്തിനായിരുന്നു. ലക്ഷദ്വീപിലെ ലിപിയില്ലാത്ത 'ജസരി' ഭാഷയിലായിരുന്നു ഈ ചിത്രം. അതേ വർഷം ജസരി ഭാഷയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും സിൻജാറിന്​ ലഭിച്ചു.

ബന്ധുക്കളുടെ സമ്മതതോടെ കല്യാണം ഉറപ്പിച്ചപ്പോൾ വിവാഹവും ഐ.എഫ്.എഫ്.കെ കാലത്ത് മതിയെന്ന് ഇരുവരും തീരുമാനിച്ചു. അങ്ങനെയാണ് ഇത്തവണത്തെ മേളക്കാലത്ത് വിവാഹവും നടന്നത്.

വിവാഹം കഴിഞ്ഞ ഉടനെ ഫെസ്റ്റിവൽ ഓഫിസിലേക്കെത്തിയ ഇരുവരെയും കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും സെക്രട്ടറി സി. അജോയും വൈസ് ചെയർമാൻ പ്രേംകുമാറും ചേർന്ന് സ്വീകരിച്ചു. ഫെസ്റ്റിവൽ ഓഫിസിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. തുടർന്ന് ഇരുവരും 3.30ന് ഗിലാനി അലീനിയോ സംവിധാനം ചെയ്ത ഇറ്റാലിയൻ സിനിമയായ 'ലോഡ് ഓഫ് ദി ആന്‍റ്​സ്' കാണാൻ ടാഗോർ തിയറ്ററിലേക്ക്​ ഒരുമിച്ച് കയറി. സിനിമ കണ്ടിറങ്ങിയ ഇരുവരെയും അഭിനന്ദിക്കാൻ തിയറ്ററിന് മുന്നിൽ ഡെലിഗേറ്റുകളുടെ പ്രളയമായിരുന്നു. IFFK

Tags:    
News Summary - newly married couple at IFFK 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.