കൊച്ചി: എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി ജഡ്ജിയെ വടകര കുടുംബകോടതി ജഡ്ജിയായി നിയമിച്ച ഹൈകോടതി ഉത്തരവ് ഒറ്റ ദിവസംകൊണ്ട് പിൻവലിച്ചു. ഇതോടെ പുതിയ ദൗത്യം ലഭിക്കാതെയും വിചാരണ പൂർത്തിയാക്കിയ കേസിൽ വിധി പറയാതെയും സർവിസ് പൂർത്തിയാക്കി ജഡ്ജി എസ്. സന്തോഷ് കുമാർ വ്യാഴാഴ്ച പടിയിറങ്ങും.
വ്യാഴാഴ്ച വിരമിക്കാനിരിക്കെ തിങ്കളാഴ്ചയാണ് സർവിസ് നീട്ടിനൽകി സന്തോഷ് കുമാറിനെ വടകര കുടുംബകോടതിയിലേക്ക് മാറ്റി ഹൈകോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി തീരുമാനമെടുത്തത്. ഇദ്ദേഹം വിചാരണ പൂർത്തിയാക്കിയ നെടുമ്പാശ്ശേരി കള്ളനോട്ട് കേസിൽ വിധി പറയാനിരിക്കെയുള്ള അപ്രതീക്ഷിത സ്ഥലംമാറ്റം വാർത്തയായിരുന്നു. എന്നാൽ, കുടുംബകോടതി ജഡ്ജിയാക്കിയുള്ള തീരുമാനം ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹൈകോടതി ഒറ്റ ദിവസംകൊണ്ട് പിൻവലിക്കുകയായിരുന്നു. ഇതോടെ ബുധനാഴ്ച നെടുമ്പാശ്ശേരി കള്ളനോട്ട് കേസിൽ സന്തോഷ് കുമാർ വിധി പറഞ്ഞില്ല. കേസ് ജൂൺ ആറിലേക്ക് മാറ്റുകയും ചെയ്തു. പുതിയ ജഡ്ജി വാദം കേട്ടശേഷമാകും ഇനി വിധി. പുതിയ ജഡ്ജിയെ നിയമിച്ചശേഷം എൻ.െഎ.എ ജഡ്ജിയാക്കിയുള്ള കേന്ദ്ര വിജ്ഞാപനം വരാൻ കാലതാമസമുണ്ടാകുമെന്നതിനാൽ വിധി പറയൽ ഇനിയും മാസങ്ങൾ നീളും.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ എൻ.െഎ.എ കേസുകളിൽ വിചാരണ നടത്തിയ ജഡ്ജിയെന്ന ഖ്യാതിയോടെയാണ് സന്തോഷ് കുമാർ വിരമിക്കുന്നത്. മൂന്ന് കേസിൽ വിധി പറഞ്ഞ ഇദ്ദേഹം നാലാമത്തെ കേസിൽ വിധി പറയാനിരിക്കെയാണ് നാടകീയ സംഭവവികാസങ്ങൾ അരങ്ങേറിയത്. 2013 ജനുവരി 26ന് നെടുമ്പാശ്ശേരി വഴി 9,75,000 രൂപയുടെ കള്ളനോട്ടുമായി എത്തിയ മലപ്പുറം കാളികാവ് നീലഞ്ചേരി സ്വദേശി ആബിദ് ചുള്ളികുളവനെ പിടികൂടിയ കേസിലാണ് വിചാരണ പൂർത്തിയായിരുന്നത്.
ആബിദിനെ കൂടാതെ കൊടുങ്ങല്ലൂർ പെരിഞ്ഞനം പുതുവീട്ടിൽ മുഹമ്മദ് ഹനീഫ, മലപ്പുറം വണ്ടൂർ കരുവാരക്കുണ്ട് നീലഞ്ചേരി തെക്കേതിൽ പൊടി സലാം എന്ന അബ്ദുസ്സലാം, പുതുച്ചേരി സ്വദേശി ആൻറണി ദാസ് (63) എന്നിവരാണ് വിചാരണ നേരിട്ട മറ്റുപ്രതികൾ. മറ്റൊരു പ്രതിയും ദാവൂദ് ഇബ്രാഹിമിെൻറ വലംൈകയുമായ അഫ്താബ് ബട്കിയെ പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.