അടുത്തിടയായി കെ.എസ്.ആർ.ടി.സി ബസുകൾ കൊലയാളി വണ്ടികളാകുന്നതിന് കാരണമെന്താണ്? സംശയം പെരുകിയതോടെ അപകട കാരണം പഠിക്കാന്‍ ഡിപ്പോതലത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിച്ചിട്ടുണ്ട്. ആഭ്യന്തര അന്വേഷണ സംവിധാനമുണ്ടെങ്കിലും ആദ്യമായാണ് പുറമേനിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിക്കുന്നത്. ഡ്രൈവറുടെ പിഴവാണെങ്കില്‍ ജോലിയില്‍നിന്ന് പിരിച്ചുവിടും. സാങ്കേതിക തകരാറാണ് അപകട കാരണമെങ്കില്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടാകും. തീരുമാനം ഇങ്ങനെയൊക്കെയാണെങ്കിലും മലപ്പുറം തലപ്പാറയിൽ താഴ്ചയിലേക്ക് മറിഞ്ഞ ബസടക്കം പിന്നെയും നിരവധി കെ.എസ്.ആർ.ടി.സി ബസുകൾ അപകടമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇവയിൽ മിക്കതും ദീർഘദൂര സർവിസുകളാണ്. ഇത്തരം അപകടങ്ങളുടെ യഥാർഥ കാരണം അന്വേഷിച്ചുപോയാൽ 1999ലെ GO(P) 4/99-SRO 118/99 dt. 1/2/1999 എന്ന ഉത്തരവിലെത്തും.
ഈ ഉത്തരവ് പ്രകാരമാണ് കേരളത്തിലെ ഫാസ്റ്റ് അടക്കമുള്ള സൂപ്പര്‍ ക്ലാസ് ബസുകളുടെ നിബന്ധനകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസുകള്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ബസുകളുപയോഗിച്ചും സൂപ്പര്‍ഫാസ്റ്റ് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്തതും എക്‌സ്പ്രസ് ബസുകള്‍ മുതല്‍ മുകളിലേക്ക് രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ബസുകളും ഉപയോഗിച്ചാണ് സര്‍വിസ് നടത്തേണ്ടത്. അതിവേഗത്തില്‍ കൂടുതല്‍ കിലോമീറ്റർ സർവിസ് നടത്തുന്നത് കൊണ്ട് കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും റോഡിലെ മറ്റു വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും സുരക്ഷ ഉറപ്പാക്കാനാണ് ഈ നിബന്ധന വച്ചത്. പക്ഷേ, കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ സൂപ്പർക്ലാസ് ബസുകള്‍ നിരത്തിലിറക്കാന്‍ കഴിയാതായപ്പോള്‍ ബസുകളുടെ കാലപ്പഴക്ക നിയന്ത്രണത്തില്‍ ഇളവ് കൊടുത്തു. നിലവിൽ 10 വര്‍ഷം പഴക്കമുള്ള ബസുകള്‍ അതിവേഗ സർവിസിനുപയോഗിക്കുന്നുണ്ട്. പുതിയ ബസുവാങ്ങാന്‍ പണമില്ലാത്തതിനാല്‍ സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലപ്പഴക്കം 12 വര്‍ഷമാക്കാൻ നടപടികളും തുടങ്ങിയിട്ടുണ്ട്.
1999ലെയും 2023ലെയും കേരളത്തിലെ റോഡുകളുടെ സ്ഥിതിയും വാഹനങ്ങളുടെ എണ്ണവും പരിശോധിക്കുമ്പോഴാണ് പഴയ ബസുകൾ ഉപയോഗിച്ച് അതിവേഗ യാത്ര നടത്തുന്നതിന്‍റെ അപകടം വ്യക്തമാകൂ. 1999ൽ 21,938 കിലോമീറ്റർ പി.ഡബ്ല്യു.ഡി റോഡാണ് ഉണ്ടായിരുന്നത്. 2023ൽ ഇത് 31,355 കിലോമീറ്ററായി. പലഭാഗങ്ങളും ദേശീയപാതയായതോടെ സംസ്ഥാന പാത 4128 കിലോമീറ്ററിൽ ഒതുങ്ങി. 1999ൽ ആകെ വാഹനങ്ങള്‍ 17,08,938 ആയിരുന്നുവെങ്കിൽ 2023ൽ 1,63,52,224 എണ്ണമായി. സ്വകാര്യ കാറുകള്‍ 2,28,824ൽ നിന്നും 34,62,157 ആയും ഓട്ടോകള്‍ 1,97,595ൽ നിന്നും 7,28,333 ആയും ഇരുചക്ര വാഹനങ്ങൾ 9,04,961ൽ നിന്നും 1,06,75,610 ആയും വർധിച്ചു. അതുകൊണ്ടുതന്നെ 1999ല്‍ നിശ്ചയിച്ച റണ്ണിങ് ടൈമില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ക്ലാസ് ബസുകള്‍ക്ക് ഓടിയെത്താനാകില്ല.
ഇതിനൊപ്പമാണ് 10 വര്‍ഷംകൊണ്ട് ചുരുങ്ങിയത് 14 ലക്ഷം കിലോമീറ്റർ എങ്കിലും ഓടിയ പഴഞ്ചന്‍ ബസുകള്‍ എക്‌സ്പ്രസും സൂപ്പര്‍ ഫാസ്റ്റുമാക്കി അതിവേഗത്തില്‍ ഓടിക്കേണ്ടിവരുന്ന ഗതികേട്. ഒടുവിലത്തെ കണക്കുപ്രകാരം കെ.എസ്.ആര്‍.ടി.സി പ്രതിദിനം ശരാശരി 4100 ബസുകളുപയോഗിച്ച് 13.5 ലക്ഷം കിലോമീറ്റർ സര്‍വിസ് നടത്തി 19 ലക്ഷം യാത്രക്കാരെ കയറ്റി ഇറക്കുന്നു. ഇതില്‍ കൂടിയ വേഗത്തില്‍ ഓടുന്ന ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസുകള്‍ 925 എണ്ണമാണ്. പ്രതിദിനം നാലു ലക്ഷം കിലോമീറ്റർ ഇവ ഓടുന്നു. പ്രതിദിന യാത്രക്കാര്‍ 3.7 ലക്ഷം. ഇതോടൊപ്പം 310 സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ പ്രതിദിനം 1.9 ലക്ഷം കിലോമീറ്റർ സര്‍വിസ് നടത്തി ഒരു ലക്ഷം യാത്രക്കാരെ കയറ്റി ഇറക്കുന്നു. ചുരുക്കത്തില്‍ കെ.എസ്.ആര്‍.ടി.സി പ്രതിദിനമോടിക്കുന്ന 13.5 ലക്ഷം കിലോമീറ്ററില്‍ 5.9 ലക്ഷം കിലോമീറ്ററും ഓടുന്നത് സൂപ്പര്‍ ക്ലാസ് സര്‍വിസുകളാണ്. ഇതിൽ 600 എണ്ണം എങ്കിലും പുതിയ ബസുകള്‍ ആക്കിയില്ലെങ്കിൽ പൊതുജനത്തിനു വൻഭീഷണിയായി കോർപറേഷൻ ബസുകൾ മാറിയേക്കും. സാഹചര്യം ഇതാണെങ്കിലും പുതുതായി 40 സീറ്റുകളുള്ള മിനിബസുകൾ വാങ്ങാനുള്ള നടപടികളുമായി കോർറേഷൻ മുന്നോട്ടുപോവുകയാണ്.
ഗ്രാമീണ മേഖലയില്‍ യാത്രാ സൗകര്യം വർധിപ്പിക്കാനാണ് മിനി ബസുകളിറക്കുന്നതെന്നാണ് കോർപറേഷൻ മേധാവികളുടെ ന്യായീകരണം. കെ.എസ്.ആര്‍.ടി.സിയേക്കാള്‍ കുറച്ചു മാത്രം പ്രവര്‍ത്തന ചിലവുള്ള സ്വകാര്യ ബസുകള്‍ മിനി ബസുകൾ ഓടിച്ചിട്ടുപോലും നഷ്ടത്തിലായ റൂട്ടുകളില്‍ എങ്ങനെ സർവിസുകൾ വിജയിപ്പിക്കുമെന്നതിൽ വ്യക്തതയില്ല. യാത്രാക്ലേശമുള്ള ഗ്രാമീണ റൂട്ടുകളില്‍ എം.പി, എം.എല്‍.എ ഫണ്ടും തദ്ദേശ സ്വയംഭരണ ഫണ്ടും ഉപയോഗിച്ച് ഡീസല്‍ ചിലവ് കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കി ബസോടിക്കുന്ന ഗ്രാമവണ്ടി പദ്ധതി നിലവിലുണ്ട്. സ്‌കൂള്‍ ബസുകളായും കമ്പനികളിലേക്കും മറ്റും ജീവനക്കാരെ കൊണ്ടുപോകുന്ന പ്രൈവറ്റ് ഹയര്‍ സര്‍വിസുകളുമൊക്കെയായാണ് കെ.എസ്.ആര്‍.ടി.സി വാങ്ങാന്‍ ഉദ്ദേശിക്കുന്ന 40 സീറ്റുള്ള ബസുകള്‍ ഉപയോഗിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ഇരട്ടിയിലധികം സര്‍വിസ് നടത്തുന്ന സ്വകാര്യ മേഖലയിൽ ഇത്തരം ബസുകള്‍ക്ക് പ്രിയം കുറവാണ്. അസോസിയേഷന്‍ ഓഫ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ടേക്കിങ്സ് (ASRTU), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് (CIRT) എന്നിവയുടെ വിദഗ്ധാഭിപ്രായം തേടിയ ശേഷം മാത്രമേ മിനി/നീളം കുറഞ്ഞ ബസുകള്‍ കെ.എസ്.ആര്‍.ടി.സി വാങ്ങാവൂവെന്ന് ഗതാഗത വിദഗ്ധർ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ മിനി ബസുകളിറക്കാന്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിനുമുമ്പ് കോർപറേഷനെ ജനം കൈയൊഴിയുന്നതിന്‍റെ കാരണം കൂടി മനസിലാക്കണം. പാവപ്പെട്ടവർക്കു കുറഞ്ഞ ചിലവിൽ യാത്രചെയ്യാനുള്ള സംവിധാനമായാണ് കരുതപ്പെടുന്നതെങ്കിലും ഇരുചക്രവാഹനത്തെക്കാൾ ആഢംബരമാണ് നിലവിൽ കെ.എസ്.ആർ.ടി.സിയിലെ യാത്ര. നിലവില്‍ ഓര്‍ഡിനറി സർവിസിൽ മിനിമം ബസുകൂലിയായ 10 രൂപക്ക് യാത്ര ചെയ്യാനാവുന്നത് 2.5 കിലോമീറ്റർ മാത്രമാണ്. അതായത് ഒരു കിലോമീറ്റർ ബസ് യാത്രയ്ക്ക് നാലു രൂപ ചിലവ്. ഒരു ഇരുചക്രവാഹനത്തിൽ രണ്ടുപേർക്കു യാത്ര ചെയ്യാന്‍ ഇതിന്‍റെ പകുതി പണം മതി. ഓര്‍ഡിനറി ബസുകളിലെ യാത്രക്കാരിൽ പകുതിയും ആദ്യ നാലു ഫെയര്‍ സ്റ്റേജുകളില്‍, അതായത് പത്തുകിലോമീറ്ററിനുള്ളിൽ, യാത്ര ചെയ്യുന്നവരാണ്. ഇവിടെയൊക്കെ ഇരുചക്രവാഹനത്തിലെ യാത്രയേക്കാള്‍ ചിലവേറിയതാണ് ബസ് യാത്രക്കൂലി. കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാർ കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അമിത യാത്രാകൂലിയാണ്.
കെ.എസ്.ആര്‍.ടി.സിയിലെ ബസുകള്‍ ശരാശരി 17,616 രൂപാ ബസൊന്നിന് വരുമാനം കൊണ്ടുവരുമ്പോള്‍ ഫാസ്റ്റ് 21,346 രൂപയും സൂപ്പര്‍ ഫാസ്റ്റ് 27,353 രൂപയും ഗ്രാമവണ്ടി/മിനി ബസുകള്‍ 7000 രൂപയുമാണ് ബസൊന്നിന് കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുന്നത്. നിലവില്‍ കെ.എസ്.ആര്‍.ടി.സി പുതുതായി വാങ്ങാനൊരുങ്ങുന്ന മിനി ബസിനും നീളം കുറഞ്ഞ 10 മീറ്റര്‍ 40 സീറ്റ് ബസിനും ചിലവാകുന്ന തുകയുടെ 10 ശതമാനം കൂടുതല്‍ മുടക്കിയാല്‍ 53 സീറ്റുകളുള്ള 400 പുത്തന്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ക്ലാസ് ബസുകള്‍ നിരത്തിലിറക്കാനാകും. മിനി ബസ്, ഫാസ്റ്റ് കളക്ഷന്‍ വ്യത്യാസം ബസൊന്നിന് 14,346 രൂപയും സൂപ്പറിന് 20,353 രൂപയുമെന്ന കണക്കില്‍ 400 പുതിയ ബസുകള്‍ ഫാസ്റ്റാണെങ്കില്‍ പ്രതിദിനം 57.38 ലക്ഷം രൂപാ അധിക വരുമാനം ഉണ്ടാക്കാനാവും. ഇനി 400 ബസുകളും സൂപ്പര്‍ ക്ലാസ് ആക്കിയാല്‍ പ്രതിദിന വരുമാന വർധനവ് 81.42 ലക്ഷം രൂപയായിരിക്കും. പ്രതിമാസം 24.43 കോടി രൂപയുടെ അധിക വരുമാനത്തിനുള്ള സാധ്യതയാണ് തുറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.