കൊച്ചി: കാസർകോട് ഐ.എസ് കേസിൽ അറസ്റ്റിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ അടക്കം മൂന്നുപേർ മാസങ്ങളായി കൊച്ചിയിലുണ്ടായിരുന്നതായി എൻ.ഐ.എ. അത്തർ വിൽപനക്കാരായി കൊച്ചി, ഫോർട്ട്കൊച്ചി പ്രദേശങ്ങളിൽ ഇവർ ഉണ്ടായിരുന്നത്രേ. റിയാസിെൻറ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് നടന്ന ചോദ്യംചെയ്യലിലാണ് ഇൗ വിവരം ലഭിച്ചത്.
ഇവർ കൊച്ചിയിൽ യോഗം ചേർന്നിരുന്നതായും എൻ.ഐ.എ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, എന്തെങ്കിലും ആക്രമണം നടത്താൻ ഉദ്ദേശിച്ചിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
തിങ്കളാഴ്ച മുതൽ അഞ്ചുദിവസത്തേക്ക് റിയാസ് അബൂബക്കറിനെ ചോദ്യംചെയ്യലിന് വിട്ടുകിട്ടാൻ എൻ.ഐ.എ കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ വിട്ടുകിട്ടിയ ശേഷം കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻ.ഐ.എ.
കാര്യമായ വരുമാനം ലഭിക്കില്ലെങ്കിലും ആത്മീയ ചൈതന്യം ലഭിക്കുമെന്ന തോന്നലിനെത്തുടർന്നാണ് പല സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്ന റിയാസ് അത്തർ വിൽപനക്കിറങ്ങിയത്. മധ്യകേരളത്തിൽ ആക്രമണം നടത്താൻ റിയാസ് അബൂബക്കറിനെ അബ്ദുൽ റാഷിദ് അബ്ദുല്ല അടക്കമുള്ളവർ പ്രചോദിപ്പിച്ചിരുന്നെങ്കിലും ആക്രമണം നടത്താൻ തയാറെടുപ്പൊന്നുമില്ലായിരുന്നെന്നാണ് എൻ.ഐ.എ കണ്ടെത്തൽ.
അതേസമയം, കേരളത്തിലെ അറസ്റ്റിനും റെയ്ഡിനും ശ്രീലങ്കൻ ആക്രമണവുമായി നേരിട്ട് ബന്ധമില്ലെന്നും വ്യാഴാഴ്ച എൻ.ഐ.എയുടെ കൊച്ചി യൂനിറ്റ് തമിഴ്നാട്ടിലെ മൂന്നിടങ്ങളിൽ നടത്തിയ പരിശോധനക്ക് കേരളത്തിലെ ഐ.എസ് കേസുമായി ബന്ധമില്ലെന്നും എൻ.ഐ.എയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. തമിഴ്നാട്ടിലെ ഒരു കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു ഈ പരിശോധന.
തമിഴ്നാടും ലക്ഷദ്വീപും എൻ.ഐ.എ കൊച്ചി യൂനിറ്റിെൻറ കീഴിൽ വരുന്നതിനാൽ മാത്രമാണ് പരിശോധനക്ക് കൊച്ചി യൂനിറ്റ് തമിഴ്നാട്ടിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു.
റിയാസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് മുമ്പായി ഖത്തറിലുള്ള കൊല്ലം സ്വദേശിയെ കൊച്ചിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് എൻ.ഐ.എ.
അന്യായ വേട്ടയിലേക്ക് നയിക്കരുത് –സോളിഡാരിറ്റി കോഴിക്കോട്: ശ്രീലങ്കയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ഐ.എസ് കഥകളും ബന്ധങ്ങളും മുസ്ലിം യുവാക്കളെ അന്യായമായി വേട്ടയാടുന്നതിലേക്ക് നയിക്കുമെന്നും ജാഗ്രത പുലര്‍ത്തണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള. എൻ.ഐ.എ പോലുള്ള ഏജന്‍സികള്‍ കഥകള്‍ മെനഞ്ഞ് ധാരാളം കേസുകളുണ്ടാക്കുകയും പല യുവാക്കളുടെയും വര്‍ഷങ്ങള്‍ തടവറയില്‍ നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും അവസാന സംഭവമായിരുന്നു പാനായിക്കുളം കേസ്. ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കാൻ മാധ്യമങ്ങൾ മുസ്ലിം യുവാക്കള്‍ക്കെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ കാരണമാവും. അതിനാൽ ജാഗ്രത വേണം-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.