പട്ടിണി കിടന്ന് നാടകം കളിച്ചു വളർത്തിയ പ്രസ്ഥാനമാണ്; മരിക്കുവോളം ഒപ്പമുണ്ടാകും -നിലമ്പൂർ ആയിഷ

മലപ്പുറം: പി.വി. അൻവറിന് വീട്ടിലെത്തി പിന്തുണ അറിയിച്ചുവെന്ന വാർത്തകളോട് പ്രതികരിച്ച് നിലമ്പൂർ ആയിഷ. മരിക്കുവോളം പാർട്ടിക്കൊപ്പമുണ്ടാകുമെന്നും പാർട്ടിയുമായുള്ള ബന്ധം അത്ര പെട്ടെന്ന് മുറിച്ചുമാറ്റാനാകില്ലെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

നിലമ്പൂർ ആയിഷ അൻവറിന്റെ വീട്ടിലെത്തി പിന്തുണച്ചുവെന്ന രീതിയിലാണ് കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചത്. മലബാറിലെ തലപ്പൊക്കമുള്ള വിപ്ലവകാരി എന്ന തലക്കെട്ടിൽ അൻവർ ഫേസ്ബുക്ക് പേജിൽ സന്ദർശനത്തിന്റെ വിഡിയോ പങ്കുവെക്കുകയും ചെയ്തു. ഒരു പരിപാടിക്ക് പോകുന്ന വഴിയാണ് അവർ തന്നെ കാണാൻ വന്നതെന്ന് അൻവർ വിഡിയോയിൽ പറയുന്നു.

അൻവർ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങൾക്ക് 100 ശതമാനം പിന്തുണയുണ്ടെന്ന് നിലമ്പൂർ ആയിഷ പറഞ്ഞു. തന്നെ പറ്റി ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും അൻവർ വിഡിയോയിൽ പറയുന്നുണ്ട്. ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കരുത്. ഇനിയും മുന്നോട്ട്...മുന്നോട്ട് എന്ന നിലമ്പൂർ ആയിഷയുടെ വാക്കുകളോടെയാണ് വിഡിയോ അവസാനിക്കുന്നത്. എന്നാൽ, അൻവറിന്റെ വീടിനു മുന്നിലൂടെ പോയപ്പോൾ അദ്ദേഹത്തി​ന്റെ ഉമ്മയെ കാണാൻ വീട്ടിൽ കയറി എന്നാണ് നിലമ്പൂർ ആയിഷ നൽകുന്ന വിശദീകരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ഇന്ന് അൻവറിന്റെ വീടിന്റെ മുന്നിൽ കൂടി പോയപ്പോൾ കൂടെയുള്ള സുഹൃത്താണ് പറഞ്ഞത് അവിടെ ഒന്ന് കയറാം ഉമ്മയെ ഒന്ന് കാണാം എന്ന്. അങ്ങനെ കയറിയതാണ്. സത്യത്തിൽ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ഓർമയിൽ ഇല്ലായിരുന്നു. വയസ്സ് 89 ആണേയ്, അവിടുന്ന് എന്തൊക്കെയോ സംസാരിച്ചു. എം.എൽ.എയോട് സ്നേഹമുണ്ട്. പാർട്ടിയോട് അതിലേറെയും. വീട്ടിലെത്തി പേരമക്കൾ പറഞ്ഞു തന്നപ്പോഴാണ് അറിഞ്ഞത് ഞാൻ മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരാണ് എന്ന രീതിയിൽ വാർത്ത വരുന്നുണ്ട് എന്ന്. അത് ശരിയല്ല. അങ്ങനെ ഒരു അവസരം ഉണ്ടായതിൽ ഖേദിക്കുന്നു.
നിലമ്പൂർ ആയിഷ മരിക്കുവോളം ഈ പാർട്ടിയിൽ തന്നെ ആയിരിക്കും. പട്ടിണി കിടന്നു നാടകം കളിച്ചു വളർത്തിയ പ്രസ്ഥാനമാണ് അത് അത്ര പെട്ടെന്ന് മുറിച്ചു മാറ്റാൻ കഴിയില്ല.
ലാൽ സലാം.

Tags:    
News Summary - Nilambur Ayisha clarifies her stand on CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.