നിലമ്പൂർ: തുടർച്ചയായി മൂന്നാംനാളിലും തിരക്കൊഴിയാതെ നിലമ്പൂർ ജില്ല ആശുപത്രി പരിസരം. ചാലിയാറിൽനിന്നും കണ്ടെത്തിയ മൃതദേഹങ്ങളുടെ വരവ് വ്യാഴാഴ്ചയും തുടർന്നു. പൂക്കോട്ടുമണ്ണ കടവ്, കുട്ടംകുളം, നിലമ്പൂർ കളത്തിൻകടവ്, പോത്തുകല്ല്, കുമ്പളപ്പാറ തുടങ്ങി ചാലിയാറിന്റെ കടവുകളിൽനിന്നെല്ലാം വ്യാഴാഴ്ച കൂടുതൽ ശരീരഭാഗങ്ങൾ ലഭിച്ചു. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ വയനാട്ടിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങളും രാവിലെ മുതൽ ആരംഭിച്ചു.
പത്തുവീതം ആംബുലൻസുകളാണ് പൊലീസ് എസ്കോർട്ടോടെ വിട്ടുകൊണ്ടിരുന്നത്. പൊലീസും ആശുപത്രി ജീവനക്കാരും റവന്യൂ ഉദ്യോഗസ്ഥരും വളന്റിയർമാരും രാഷ്ട്രീയ നേതാക്കളുമടക്കം നടപടികൾ വേഗത്തിലാക്കാൻ കർമനിരതരായി. രണ്ട് ഡിവൈ.എസ്.പിമാരും അഞ്ച് സി.ഐമാരും 100ഒാളം പൊലീസുകാരും ഡ്യൂട്ടിയിലുണ്ട്. മഞ്ചേരി, കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളജുകളിലെ ഫോറൻസിക് വിഭാഗം ഡോക്ടർമാരാണ് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകുന്നത്. മൃതദേഹങ്ങൾ വയനാട്ടിലേക്ക് മാറ്റാനായി കൂടുതൽ ആംബുലൻസുകൾ വ്യാഴാഴ്ച നിലമ്പൂരിലെത്തിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി ആശുപത്രിയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ഉൾവനത്തിൽ ആരംഭിച്ച തിരച്ചിൽ വെള്ളിയാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.