കോഴിക്കോട്: നിപ ബാധിച്ച് മരിച്ച സൂപ്പിക്കടയിലെ വളച്ചുകെട്ടി സ്വാലിഹ്, നേരത്തേ എൻജിനീയറിങ് കോഴ്സ് പഠിക്കാനെടുത്ത വിദ്യാഭ്യാസ വായ്പ ജപ്തി നടപടിയിലെത്തിയത് സംസ്ഥാന സർക്കാറിന്റെ കണ്ണിൽ ചോരയില്ലാത്ത നിലപാടിനാലെന്ന് യു.ഡി.എഫ്. സ്വാലിഹിന്റെ പിതാവ് മൂസയും മറ്റു കുടുംബാംഗങ്ങളും നിപമൂലം മരിച്ചിരുന്നു.
ജീവിച്ചിരിപ്പുള്ള ഉമ്മയും സഹോദരൻ മുത്തലിബും താമസിക്കുന്ന വീടും പറമ്പും ഉൾപ്പെടെ, ജാമ്യം നിന്ന പരേതനായ പിതാവ് മൂസയുടെ സ്വത്തുക്കളാണ് ഇപ്പോൾ ജപ്തിക്ക് വിധേയമാകുന്നത്. മുഖ്യമന്ത്രിക്കും എം.എൽ.എക്കും പലവട്ടം നിവേദനം നൽകിയിട്ടും കടം വീട്ടാനാവശ്യമായ സഹായം ചെയ്യാത്ത സർക്കാർ നടപടി മനുഷ്യത്വവിരുദ്ധമാണെന്ന് യു.ഡി.എഫ് ജില്ല കൺവീനർ അഹമ്മദ് പുന്നക്കൽ പ്രസ്താവനയിൽ പറഞ്ഞു.
നിപ ബാധിച്ച് നാലുപേർ മരിച്ച സൂപ്പിക്കടയിലെ വളച്ചുകെട്ടി കുടുംബത്തിന് വന്ന ജപ്തിദുരിതം ‘നിപ അതിജീവിച്ച ഉമ്മയും മകനും ജപ്തിഭീഷണിയിൽ’ എന്ന് ‘മാധ്യമം’ തിങ്കളാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഗ്രാമീൺ ബാങ്കിന്റെ പന്തീരിക്കര ശാഖയിൽനിന്ന് നാലു ലക്ഷം രൂപയാണ് 2011ൽ സ്വാലിഹ് വായ്പയെടുത്തത്. പിതാവ് മൂസയായിരുന്നു ജാമ്യക്കാരൻ. ജോലി ലഭിച്ചശേഷം തിരിച്ചടക്കുമെന്ന വ്യവസ്ഥയിലായിരുന്നു വായ്പ.
എന്നാൽ, 2018ൽ നിപ സ്വാലിഹിന്റെ ജീവനെടുത്തതോടെ പ്രതീക്ഷയാകെ അസ്ഥാനത്താവുകയും തിരിച്ചടവ് മുടങ്ങുകയും ചെയ്തു. നിലവിൽ വായ്പ തുക 12 ലക്ഷത്തിലേറെയാണ്. ബാങ്ക് കൊയിലാണ്ടി കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ചങ്ങരോത്ത് വില്ലേജ് ഓഫിസിൽ നിന്ന് വസ്തുവിന്റെ ജപ്തിനടപടികൾ ആരംഭിച്ചതായി കഴിഞ്ഞ ദിവസം കുടുംബത്തെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.