സംസ്ഥാനത്ത് വീണ്ടും നിപ; മലപ്പുറത്തെ 14കാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 14കാരന് നിപ സ്ഥിരീകരിച്ചു. പുണെ വൈറോളജി ലാബിൽ നിന്നുള്ള ഫലവും പോസിറ്റീവായതോടെയാണ് നിപ സ്ഥിരീകരിച്ചത്. നേരത്തേ കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലെ ഫലവും പോസിറ്റീവായിരുന്നു. എന്നാൽ നിപ സ്ഥിരീകരിക്കാൻ പുണെ ലാബിലെ ഫലം കാത്തിരിക്കുകയായിരുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 15കാരന്റെ നില ഗുരുതരമാണ്.കുട്ടിയെ ഉടൻ ​കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് കുട്ടി കഴിയുന്നത്. 

അഞ്ച് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടി. പനി കുറയാത്തതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. അവിടെ നിന്നും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. രോഗം ഭേദമാകാതെ തുടർന്ന് 19ന് രാത്രിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രോട്ടോക്കോൾ അനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളും ബന്ധുവും ​നിരീക്ഷണത്തിലാണ്. പ്രതിരോധത്തിന്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളജിൽ 30 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകുമെന്ന് വീണ ജോർജ് പറഞ്ഞു. കുട്ടിയുമായി ഇടപഴകിയ എല്ലാവരെയും നിരീക്ഷണത്തിലാക്കും. അതിനിടെ കുട്ടിയുമായി സമ്പർക്കമുള്ള ഒരാൾ പനിക്ക് ചികിത്സ തേടിയിട്ടുണ്ട്. സമ്പർക്കപ്പട്ടിക ശാസ്ത്രീയമായി തയാറാക്കാനാണ് ​ആരോഗ്യവകുപ്പിന്റെ നീക്കം. അനാവശ്യമായി ആശുപത്രികൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്

നിപ സംശയിക്കുന്ന സാഹചര്യത്തിൽ മലപ്പുറം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെൽ തുറന്നു. 0483-2732010 ആണ് കൺട്രോൾ റൂം നമ്പർ. മലപ്പുറം ജില്ലയിലെ പാണ്ടിക്കാടാണ് നിപ വൈറസിന്റെ പ്രഭവ കേന്ദ്രം. അതിന്റെ പ്രദേശത്തെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിപ ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 20 പേരാണ് മരിച്ചത്. കേരളത്തിൽ അഞ്ചാംതവണയാണ് നിപ സ്ഥിരീകരിക്കുന്നത്. 2018ൽ കോഴിക്കോട്ടാണ് ആദ്യമായി നിപ റിപ്പോർട്ട് ചെയ്തത്. 2018 മേയ് 17 ന് ആണ് മസ്തിഷ്കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഒരാൾ‍ക്ക് നിപ രോഗബാധയാണെന്ന സംശയത്തെ തുടർന്ന് ഡോക്ടർമാർ സ്രവം പരിശോധനയ്ക്ക് അയച്ചത്. സംസ്ഥാനത്ത് ആദ്യമായി നിപ രോഗബാധ തിരിച്ചറിഞ്ഞത് ആ പരിശോധനയിലൂടെയാണ്.2019ൽ എറണാകുളത്ത് നിപ സ്ഥിരീകരിച്ചു. പിന്നീട് 2021ലും 2023ലും കോഴിക്കോട് വീണ്ടും നിപ റിപ്പോർട്ട് ചെയ്തു. 

Tags:    
News Summary - Nipah confirmed agian in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.