കോഴിക്കോട്: ആറു വർഷത്തിനിടെ ആറാംതവണയും നിപ റിപ്പോർട്ട് ചെയ്തിട്ടും രോഗം സ്ഥിരീകരിക്കുന്നതിനുള്ള ബയോസേഫ്റ്റി ലെവല്‍-3 ലാബ് എന്ന് യാഥാർഥ്യമാവുമെന്നതിന് ഉത്തരമില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് കെട്ടിടത്തിന്റെ നിർമാണ പ്രവത്തനങ്ങൾ അന്തിമഘട്ടത്തിലാണ് എന്നുമാത്രമാണ് ലഭിക്കുന്ന വിവരം. 2024ൽ തന്നെ കോഴിക്കോട്ടുനിന്ന് പരിശോധന ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്.
ഈ വർഷം രണ്ടു മാസത്തെ ഇടവേളയിൽ രണ്ടാം തവണയാണ് മലപ്പുറം ജില്ലയിൽ നിപ മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഓരോ തവണ നിപ സ്ഥിരീകരിക്കുമ്പോഴും ലാബ് ചർച്ച സജീവമാകുന്നതല്ലാതെ ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് മതിയായ ജാഗ്രത ഉണ്ടാവുന്നില്ലെന്നാണ് ആക്ഷേപം.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ലെവൽ-2 ലാബ് ആണുള്ളത്. ഇതിൽ പരിശോധന നടത്തി രോഗനിർണയം സാധ്യമാകുമെങ്കിലും ലെവല്‍-3 ലാബിൽ പരിശോധിച്ചാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനും ചികിത്സയും പ്രതിരോധവും തുടങ്ങാനും സാധിക്കൂ. ലാബ് സജ്ജമായാൽ പക്ഷിപ്പനി, പന്നിപ്പനി, കുരങ്ങുപനി, ആന്ത്രാക്സ് പോലുള്ള ഹൈ റിസ്ക് സാംക്രമിക രോഗങ്ങളുടെ പരിശോധന മൂന്ന് മണിക്കൂറിനുള്ളിൽ നടത്താൻ സാധിക്കും.
സാമ്പിൾ പുണെ ലെവല്‍-3 ലാബിലെത്തിച്ച് പരിശോധിച്ചാണ് ഇപ്പോൾ രോഗം സ്ഥിരീകരിക്കുന്നത്. ഇതിന് ദിവസങ്ങളെടുക്കും. കഴിഞ്ഞ രണ്ടുതവണയും മരണം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ പരിശോധനക്കായി ബി.എസ്.എൽ ലെവൽ-3 മൊബൈല്‍ യൂനിറ്റ് കോഴിക്കോട്ട് എത്തിക്കുകയായിരുന്നു. ഇതിനും ദിവസങ്ങളെടുത്തു.
2018 സെപ്റ്റംബറിലാണ് ആദ്യമായി കോഴിക്കോട്ട് നിപ്പ സ്ഥിരീകരിച്ചത്. 17 പേർ മരിച്ചു. പലരും മരിച്ചശേഷമാണ് പുണെയില്‍നിന്ന് സ്രവസാമ്പിളിന്റ ഫലം വന്നത്. ഇതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലും ലാബ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. തൊട്ടടുത്ത വര്‍ഷംതന്നെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. ഐ.സി.എം.ആര് അഞ്ചരക്കോടി രൂപ അനുവദിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 11 കോടിയായി ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.