കൊച്ചി: റിവർ മാനേജ്മെൻറ് ഫണ്ട് ചലവഴിച്ചതിൽ തട്ടിപ്പ് നടത്തിയതിന് പിന്നിൽ നിർമിതി കേന്ദ്രമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിൻെറ റിപ്പോർട്ട്. നിർമിതി കേന്ദ്രത്തിലെ കൺസൾട്ടൻ്റായി നിയമിച്ച തോമസ് മാത്യുവിന് അതോറിറ്റി എഞ്ചിനീയർ എന്ന് പേരുകൂടി നൽകി 2.5 ശതമാനം തുക നൽകാൻ തീരുമാനിച്ചത് ക്രമപ്രകാരം അല്ല. നിർമിതികേന്ദ്രം പ്രോജക്റ്റ് മാനേജരാണ് അത് ചെയ്തത്.
കരാർ പ്രകാരം നിയമിക്കേണ്ട എൻജിനീയറെ നിയമിച്ചിരുന്നില്ല. അതോറിറ്റിക്കു വേണ്ടി പ്രവർത്തികളുടെ സൂപ്പർവിഷൻ, പരിശോധന, റിപ്പോർട്ട് തയാറാക്കൽ, അളക്കൽ തുടങ്ങിയ സുപ്രധാന ചുമതല കരാർ പ്രകാരം നിർവഹിക്കേണ്ടത് അതോറിറ്റി എൻജിനീയറാണ്. എന്നാൽ, അതോറിറ്റി എൻജിനീയർ തസ്തികയിൽ ക്രമപ്രകാരം ആരെയും നിയമിച്ചിട്ടില്ലെന്ന് പ്രോജക്ട് ഓഫിസർ രേഖമൂലം അറിയിച്ചു. അതോടെ അതോറിറ്റി എൻജിനീയറെ വയ്ക്കാതെ സൂപ്പർവിഷൻ റിപ്പോർട്ടിങ്, ബിൽ തയാറാക്കൽ തുടങ്ങിയ പ്രവർത്തികൾ നിർമിതികേന്ദ്രം തന്നെ നിർവഹിച്ചുവെന്ന് വ്യക്തമായി.
അതോറിറ്റി എഞ്ചിനീയർ എന്ന നിലയിൽ പ്രൊജക്റ്റ് സൂപ്പർവിഷൻ നടത്താനും യോഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കാനും തോമസ് മാത്യൂവിനെ നിർമിതികേന്ദ്രം അനുവദിച്ചിരുന്നു. 2017 ഓഗസ്റ്റിൽ നടന്ന നിർമിതി കേന്ദ്രത്തിലെ ഗവേണിങ് ബോഡി യോഗത്തിലെ മിനുട്ട്സിൽ അതോറിറ്റി എൻജിനീയർ ആയാണ് തോമസ് മാത്യുവിൻറെ പേരുള്ളത്. ചുരുക്കത്തിൽ കൺസൾട്ടൻറ് ആയി നിയമിച്ചയാളെ യാതൊരു ഉടമ്പടിയും ഉണ്ടാക്കാതെ അതോറിറ്റി എൻജിനീയറായി നിയമിച്ച നിർമിതി കേന്ദ്രം പ്രോജക്റ്റ് മാനേജരുടെ നടപടി ക്രമരഹിതമാണ്. അതോറിറ്റി എൻജിനീയറുടെ നിയമനം നിലനിൽക്കുന്നതല്ല. അദ്ദേഹത്തിന് 2.5 ശതമാനം തുകക്ക് അർഹതയില്ല. കൺസൾട്ടൻറിൻെറ വേതനത്തിന് മാത്രമാണ് അർഹതയുള്ളത്. നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമായി സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് സാങ്കേതിക അനുമതി നൽകിയ നിർമ്മിതികേന്ദ്രം പ്രോജക്റ്റ് മാനേജർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.
2015 ജൂലൈ 17ന് തോമസ്മാത്യുവും നിർമിതി കേന്ദ്രം പ്രോജക്റ്റ് മാനേജരും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം രണ്ടു കോടിക്ക് മുകളിൽ ഭരണാനുമതിയുള്ള പ്രവർത്തിക്ക് എസ്റ്റിമേറ്റിന്‍റെ 0.5 ശതമാനം മാത്രമാണ് ശമ്പളം നിശ്ചയിച്ചത്. അതിനു മാത്രമേ തോമസിന് അർഹതയുള്ളൂ. അത് അനുവദിക്കേണ്ടതാകട്ടെ നിർമിതി കേന്ദ്രം ഫണ്ടിൽ നിന്നാണ്. തോമസ് മാത്യുവിന് കൂടുതൽ വേദനം അനുവദിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കണം.
2016ൽ ആരംഭിച്ച അഞ്ച് പാലങ്ങളുടെ നിർമാണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. സബ് സ്ട്രക്ചർ വരെയുള്ള പ്രവർത്തനം മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളു. പത്തനംതിട്ട ജില്ലയിലെ തൃപ്പാറ, കൈപട്ടൂർ, ചിറ്റൂർ കടവ് എന്നീ സ്ഥലങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ ധനകാര്യ വിഭാഗം പരിശോധിച്ചിരുന്നു. സർക്കാരിൻറെ നേരിട്ടുള്ള ഇടപെടലിലൂടെ മാത്രമേ പാലം നിർമാണം പൂർത്തിയാക്കാൻ കഴിയൂ. അതിനാൽ സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണം. പാലങ്ങളുടെ നിർമാണം ഏറ്റെടുത്തിരിക്കുന്ന പത്തനംതിട്ട നിർമിതികേന്ദ്രത്തിന് മതിയായ യോഗ്യതയില്ലെന്ന് ചീഫ് ടെക്നിക്കൽ എക്സാമിനർ ചൂണ്ടിക്കാണിച്ചു.
2014 ലെ സർക്കാർ ഉത്തരവ് പ്രകാരം വർക്ക് നടത്തുന്ന ഏജൻസികൾക്ക് പ്ലാനിങ്, ഡിസൈനിങ്, ടെൻഡറിങ്, സൂപ്പർവൈസിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അഞ്ച് ശതമാനം സെൻറേജ് ചാർജ് (അഞ്ച് കോടിക്ക് മുകളിലുള്ള പ്രവർത്തികൾക്ക്) നൽകാനാണ് വ്യവസ്ഥ. എന്നാൽ, നിർമാണ ചെലവുകൾക്ക് പുറമേ കൺസൾട്ടൻസി -സർവിസ് ചാർജ് തുടങ്ങിയ ഇടങ്ങളിൽ 11.5 ശതമാനം വകയിരുത്തി സാങ്കേതിക അനുമതി നൽകിയ നിർമിതി കേന്ദ്രത്തിലെ പ്രോജക്ട് മാനേജറുടെ നടപടി ചട്ടങ്ങൾക്ക് വിരുദ്ധമാെണന്നും വലിയ അളവിൽ സർക്കാറിന് ധനനഷ്ടം ഉണ്ടാക്കിയെന്നുമാണ് റിപ്പോട്ടിലെ കണ്ടെത്തൽ.
പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ആരംഭിച്ച പാലം പണി പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല.അതിനാൽ, റിവർ മാനേജ്മെൻറിന് കീഴിൽ നിർദേശിച്ചിട്ടുള്ള എല്ലാ പാലം പണികളും പൊതുമരാമത്ത് വകുപ്പിന് കൈമാറാനും ചീഫ് ടെക്നിക്കൽ എക്സാമിനറുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി നടപടി സ്വീകരിക്കാനും നഷ്ടമായ തുക തിരിച്ചു പിടിക്കാനും ഭരണ വകുപ്പിനോട് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.