മുല്ലപ്പെരിയാർ ഡാമിൽ വെള്ളം പൊങ്ങി ജനങ്ങൾക്ക് ആശങ്കയുണ്ടായാൽ മാത്രം ഉണർന്നാൽ പോരെന്ന് എൻ.കെ പ്രേമചന്ദ്രൻ

തിരുവന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മേൽനോട്ട സമിതിയെ ഉപയോഗിച്ച് ഇടപെടൽ നടത്താൻ കേരളത്തിന് കഴിഞ്ഞില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. വെള്ളം പൊങ്ങി ജനങ്ങൾക്ക് ആശങ്കയുണ്ടായാൽ മാത്രം ഉണർന്നാൽ പോര. കേരളത്തിന്‍റെ പ്രതിനിധി പോലും ഡാം സുരക്ഷിതമാണെന്ന് നിലപാടെടുത്തു. അതാണ് കേരളത്തിന്റെ വാദം ദുർബലപ്പെടാൻ കാരണം.

പുതിയ സാഹചര്യം പ്രയോജനപ്പെടുത്താൻ കേരളം തയ്യാറാകണമെന്നും അദ്ദേഹം പ്രതികരിച്ചു. മുല്ലപ്പെരിയാറിൽ ഡീൻ കുര്യാക്കോസിനെ തടഞ്ഞ കേരള പൊലീസിനെതിരെ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകുമെന്നും പ്രേമചന്ദ്രൻ എം.പി കൂട്ടിച്ചേര്‍ത്തു. മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാനെത്തിയ ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസിനെ കേരള പൊലീസ് തടഞ്ഞ് തിരിച്ചയച്ചിരുന്നു.

ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേല്‍നോട്ട സമിതിയുടെ തീരുമാനം വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രേമചന്ദ്രന്‍റെ പ്രതികരണം. കഴിഞ്ഞ മൂന്ന് വർഷത്തെ കാലാവസ്ഥ വ്യതിയാനങ്ങൾ പരിശോധിച്ചാണ് ഡാമിലെ ജലനിരപ്പ് 137 അടിയായി നിജപ്പെടുത്തണമെന്ന് മേല്‍നോട്ട സമിതി തീരുമാനിച്ചത്. സമിതിയുടെ നിലപാട് ഇന്ന് സുപ്രിം കോടതിയെ അറിയിക്കും. അന്തിമ തീരുമാനം സുപ്രിം കോടതിയുടേതാകും. കേരളത്തിന്റെ വാദങ്ങൾ സമിതി അംഗീകരിച്ചുവെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചിരുന്നു.

ഇന്നലെ ചേര്‍ന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത കേരളം 137 അടിയാക്കി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയില്‍ നിലനിര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു.

Tags:    
News Summary - NK Premachandran says it is not enough for people to wake up only if the Mullaperiyar dam floods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.