മേപ്പാടി: നമ്പർ 168, ഫീമെയിൽ ചൈൽഡ്. പ്രകൃതി താണ്ഡവമാടിയ ചൂരൽമലയിലെ മണ്ണിനടിയിൽനിന്നെടുത്ത് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച മൃതദേഹം പൊതിഞ്ഞുകെട്ടിയ വെള്ളത്തുണിയിൽ നീല മാർക്കർ പേനകൊണ്ടെഴുതിയതാണിത്. സങ്കടങ്ങളും നിശ്ശബ്ദതയും തളംകെട്ടി നിൽക്കുന്ന ടാർപോളിൻ ഷീറ്റിനടിയിലേക്ക് മൃതദേഹം കിടത്തി സന്നദ്ധ പ്രവർത്തകരിലൊരാൾ വിളിച്ചു ചോദിച്ചു, ബോഡി തിരിച്ചറിയാനാരെങ്കിലുമുണ്ടോ...? അതോടെ ഉറ്റവരായ 16 പേരെ നഷ്ടപ്പെട്ട വേദനയിൽ മുങ്ങിയ മനസ്സിനെ നിയന്ത്രിച്ച് നൗഷീബയും മക്കളായ നഹ്ലയും തഫ്സീനും വേഗമെത്തി.
കാണാതായ സഹോദര പുത്രി ഷഹലയുടേതാണോ ചേതനയറ്റ ശരീരം എന്നായിരുന്നു നൗഷീബയുടെ സംശയം. മുഖം കാണാൻ കഴിയാത്ത അവസ്ഥയിലായിരുന്നതിനാൽ കാലിന്റെ ഭാഗത്തെ കെട്ടഴിച്ചു. നഖത്തിൽ മൈലാഞ്ചിയുടെ ചുവപ്പ് മാഞ്ഞിട്ടില്ല. നഖമടക്കം നോക്കി ഷഹലതന്നെയെന്ന് നൗഷീബ ഏതാണ്ട് ഉറപ്പിച്ചു. ഇതിനിടെയാണ് മകൾ തഫ്സീന മൃതദേഹത്തിലെ കാലിൽ പാദസരം കണ്ടത്.
ഇതോടെ തഫ്സീന ഉറപ്പിച്ചു പറഞ്ഞു. ‘‘മൈലാഞ്ചിയിടുമെങ്കിലും ഇത് നമ്മുടെ ഷഹലത്തയല്ല, ഇത്ത പാദസരമിടാറില്ല’’. തുടർന്ന് ഷഹലയുടെ ഫോട്ടോ മൊബൈലിൽ തിരഞ്ഞ് അവളുടെ കമ്മലിന്റെ ആകൃതി മനസ്സിലാക്കി. എന്നാൽ, മൃതദേഹത്തിലെ കമ്മൽ മറ്റൊരു രൂപത്തിലാണ്. ഇതോടെ മൃതദേഹം തിരിച്ചറിയാൻ കാത്തുനിന്ന മൂവരും ഇത് ഷഹലയല്ലെന്ന് ഉറപ്പിച്ച് പിൻവാങ്ങി...
മനസ്സ് പിടപ്പിക്കുന്നതും ഹൃദയം പൊട്ടിക്കുന്നതുമായ ഇത്തരം കാഴ്ചകൾ മാത്രമേ ഇവിടെയുള്ളൂ. ദുരന്തത്തിന്റെ ബാക്കി കാഴ്ചയും ശേഷിപ്പുകളും ഇവിടെയും തീരുന്നില്ല. വിവാഹത്തിന് ദിവസങ്ങൾ അവശേഷിക്കെയാണ് മുണ്ടക്കൈ സ്വദേശിയായ ഷഹലയെ (20) ഉരുളെടുത്തത്.
സെപ്റ്റംബർ 22ന് കുറ്റാട് സ്വദേശിയായ പ്രവാസിയുമായി നടക്കേണ്ട വിവാഹത്തിന്റെ നിക്കാഹ് രണ്ടു വർഷം മുമ്പായിരുന്നു. വിവാഹത്തിന് അണിയാനുള്ള 10 പവൻ സ്വർണാഭരണമടക്കം വാങ്ങിവെച്ച വീടാണ് മലവെള്ളപ്പാച്ചിൽ ഒഴുക്കിക്കളഞ്ഞത്.
സർവനാശത്തിനു ശേഷം മുണ്ടക്കൈ അങ്ങാടി നിന്ന സ്ഥലത്തെത്തിയ ആർക്കും തകർന്ന മുസ്ലിം പള്ളിക്കു സമീപം രണ്ടുനില കെട്ടിടത്തിന്റെ വലുപ്പമുള്ളൊരു പാറക്കല്ലുകാണാം. ആ ഭാഗത്തായിരുന്നു ഷഹലയടക്കം 11 പേർ താമസിച്ച കളത്തിങ്കൽ മേൽവിലാസത്തിലെ രണ്ട് വീടുകൾ.
ഷഹലയെ കൂടാതെ സഹോദരങ്ങളായ സഫ്ന (17), അമാന (7), ഉമ്മ മുഹ്സിന (36), ഉപ്പ മൻസൂർ (45), ഉപ്പയുടെ ഉപ്പ കുഞ്ഞിമൊയ്തീൻ (68), ഉപ്പയുടെ ഉമ്മ ആയിഷ (62), ഉപ്പയുടെ സഹോദരൻ നൗഫലിന്റെ ഭാര്യ സജ്ന (35), അവരുടെ മക്കളായ നഫ്ല (16), നിഹാൽ (12), ഇഷ മെഹറിൻ (8) എന്നിങ്ങനെ പത്തുപേരടക്കം കളത്തിങ്ങൽ കുടുംബത്തിലെ 11 പേരെയാണ് മലവെള്ളം എടുത്തത്. ഗൾഫിലുള്ള നൗഫൽ മാത്രമാണ് ഈ കുടുംബത്തിൽ രക്ഷപ്പെട്ടത്.
ദുരന്തമറിഞ്ഞ് നൗഫൽ നാട്ടിലെത്തിയിട്ടുണ്ട്. മലവെള്ളമെടുത്തതിൽ കുഞ്ഞിമൊയ്തീൻ, ആയിഷ എന്നിവരുടെ മൃതദേഹം ചൂരൽമലയിൽനിന്നും അമാനയുടേത് വാകേരിയിൽനിന്നും നഫ്ലയുടേത് മറ്റൊരിടത്തുനിന്നും കണ്ടെത്തി മേപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
നൗഷീബയുടെ സ്വന്തം കുടുംബത്തിനേറ്റ ദുരന്തമാണ് ഇത്രയുമെങ്കിൽ ഭർതൃവീടായ ചൂരൽമല പൂളക്കാട്ടെ എടത്തൊടി കുടുംബത്തിനും സമാനതകളില്ലാത്ത നഷ്ടമാണുണ്ടായത്.
നൗഷീബയുടെ ഭർത്താവിന്റെ ഉമ്മ പാത്തുമ്മ (75), അവരുടെ മറ്റൊരു മരുമകൾ നസീറ (39), നസീറയുടെ മക്കളായ മുൻവീർ (20), റിൻഷ ഫാത്തിമ (10), പാത്തുമ്മയുടെ മകൾ സുമയ്യ (37) എന്നീ അഞ്ചുപേരെയാണ് കാണാതായത്. ഈ കുടുംബത്തിൽ നസീറയുടെ ഭർത്താവ് മാത്രമാണ് രക്ഷപ്പെട്ടത്. അദ്ദേഹം താമരശ്ശേരിയിൽ ജോലിക്ക് പോയതായിരുന്നു.
കാണാതായവരിൽ നസീറ, മുൻവീർ, സുമയ്യ എന്നിവരുടെ മൃതദേഹങ്ങൾ ഇതിനകം ലഭിച്ചു. കണ്ടെടുക്കുന്ന മൃതദേഹങ്ങൾ അഴുകിയതിനാൽ കുടുംബത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിലും മറ്റും വന്ന ഉറ്റവരുടെ ഫോട്ടോകൾ നോക്കി, കമ്മലിന്റെയും മോതിരത്തിന്റെയും മാലയുടെയും മാതൃക മനസ്സിലാക്കി ഉറ്റവരെ തിരയുകയാണ് നൗഷീബയും മക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.