കൊച്ചി: സംസ്ഥാനത്തെ നിരത്തുകളിൽനിന്ന് അനധികൃത ബോർഡുകളും ബാനറുകളുമടക്കം ഉടൻ നീക്കണമെന്ന് ഹൈകോടതി. കമാനങ്ങൾ, പരസ്യബോർഡുകൾ, ഹോർഡിങ്ങുകൾ, പ്ലക്കാർഡുകൾ, ബാനറുകൾ തുടങ്ങിയവ നീക്കാനാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങളും ദേശീയപാത അതോറിറ്റിയും നടപടി സ്വീകരിക്കണം. പൊലീസ് സുരക്ഷ ഉറപ്പാക്കണം. നിർദേശം മൂന്നുമാസത്തിനകം നടപ്പാക്കണം -കോടതി ഉത്തരവിട്ടു. ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളി, കൊച്ചി സ്വദേശി സിറിൽ റോയ്, നോർത്ത് പറവൂർ സ്വദേശി അംജദ് അലി, ചാലക്കുടി സ്വദേശി ഡോ. ജോണി കുളങ്ങര എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ബോർഡ് വെക്കാൻ റോഡിലും നടപ്പാതയിലും തൂണുകളും ഫ്രെയിമുകളും സ്ഥാപിക്കുന്നത് കോടതി വിലക്കി. ഇതിന്റെ കുഴികൾ ഉടൻ അടക്കണം. റോഡരികിലെ മരങ്ങളിൽ തറച്ച ആണികൾ പിഴുതുമാറ്റണം. ഇതിന് ഫീൽഡ് ഒാഫിസർമാർക്ക് പൊതുമരാമത്ത്-തദ്ദേശ ഭരണ പ്രിൻസിപ്പൽ സെക്രട്ടറിമാർ നിർദേശം നൽകണം. യാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്ന ബോർഡുകൾ കണ്ടെത്തി റോഡ് സുരക്ഷ അതോറിറ്റി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകണം. ദേശീയപാതയിലെ അനധികൃത ബോർഡ് നീക്കാൻ എക്സിക്യൂട്ടിവ് എൻജിനീയർ നടപടിയെടുക്കണം. ഗതാഗത കമീഷണറോ റോഡ് സേഫ്റ്റി കമീഷണറോ സുരക്ഷ പരിശോധിക്കണം. മരങ്ങളിലും പോസ്റ്റുകളിലുമുള്ള അനധികൃത കേബിളുകളും നീക്കണം.
അനധികൃത ബോർഡുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ മാസവും കലക്ടർക്ക് റിപ്പോർട്ട് നൽകണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം.
റോഡ് സുരക്ഷ കമീഷണർ, ഗതാഗത കമീഷണർ, തദ്ദേശ ഭരണസെക്രട്ടറി, ആർ.ഡി.ഒ, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ തുടങ്ങിയവർക്ക് നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി. ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.