തിരുവനന്തപുരം: ഇളവുകള്‍ വെട്ടിക്കുറച്ചും പാസഞ്ചറുകൾ അവസാനിപ്പിച്ചും ഫ്ലെക്സി നിരക്കിൽ ട്രെയിനുകളോടിച്ചുമുള്ള കച്ചവടക്കളിയിൽ റെയിൽവേക്ക് ലാഭക്കൊയ്ത്ത്. 2022 ഏപ്രിൽ മുതൽ 2023 ജനുവരി വരെയുള്ള റെയിൽവേയുടെ ടിക്കറ്റ് വരുമാനം 54,733 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 73 ശതമാനം വർധനയാണ് ടിക്കറ്റ് വരുമാനത്തിലുണ്ടായത്. തൊട്ട് മുൻവർഷം ഇതേ കാലയളവിൽ 31,634 കോടിയായിരുന്നു വരുമാനം.
യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വർധന കാണുന്നില്ലെങ്കിലും വരുമാനത്തിൽ വർധനവുണ്ടായി എന്നതാണ് കൗതുകം. യാത്രാചെലവ് കൂടി എന്നതിനെയാണ് ഈ കണക്കുകൾ അടിവരയിടുന്നത്. 2022 ഏപ്രിൽ മുതൽ 2023 ജനുവരി വരെയുള്ള കണക്കനുസരിച്ച് റിസർവ് ചെയ്ത യാത്രക്കാരിൽനിന്ന് കിട്ടിയ വരുമാനം 42,945 കോടിയാണ്. തൊട്ട് മുൻ വർഷം ഇതേ കാലയളവിൽ കിട്ടിയത് 29,945 കോടിയും. അതേസമയം റിസർവ് യാത്രക്കാരുടെ എണ്ണം തൊട്ട് മുൻവർഷത്തെ 6181 ലക്ഷത്തിൽനിന്ന് ഈ വർഷം 6,590 ലക്ഷമായാണ് ഉയർന്നത്.
യാത്രക്കാരുടെ എണ്ണം ഏഴ് ശതമാനം മാത്രമാണ് കൂടിയതെന്നിരിക്കെയാണ് വരുമാനം 48 ശതമാനമായി കുതിച്ചത്. തിരക്കനുസരിച്ച് നിരക്കുയർന്ന ഫ്ലക്സി നിരക്കിലെ ട്രെയിനുകളിലൂടെ 2019 മുതൽ 2022 ഒക്ടോബർ വരെ റെയിൽവേയുടെ അക്കൗണ്ടിലെത്തിയത് 2442 കോടിയാണ്.ഇളവുകൾ ഓരോന്നായി വെട്ടിക്കുറക്കുന്നതിന് പിന്നാലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച് പകരം എ.സി കോച്ചുകളുടെ എണ്ണം കൂട്ടാനാണ് റെയിൽവേയുടെ അടുത്തനീക്കം. മിതമായ നിരക്കിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയുന്നതോടെ ചെലവേറിയ എ.സി കോച്ചുകൾ തെരഞ്ഞെടുക്കാൻ യാത്രക്കാർ നിർബന്ധിതരാകും.
ഇതോടെ ടിക്കറ്റ് വരുമാനം വീണ്ടും ഉയരും. ഓരോ ട്രെയിനിലും സ്ലീപ്പർ കോച്ചുകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തുമെന്നാണ് വിവരം. അതേസമയം എ.സി ത്രീ ടയർ, എ.സി ടു ടയർ കോച്ചുകളുടെ എണ്ണം കൂട്ടും. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള സ്ലീപ്പർ ടിക്കറ്റ് നിരക്ക് 200ൽ താഴെയാണെങ്കിൽ എ.സി ത്രീ ടയറിൽ ഇത് 500ന് മുകളിലാണ്. ടു ടയറിലേക്കെത്തുമ്പോൾ ഇത് വീണ്ടും ഉയരും. ഒരു സ്ലീപ്പർ കോച്ചിൽ 72 ബെർത്തുകളാണുള്ളത്. പരിഷ്കാരം നടപ്പായാൽ ട്രെയിനുകളിൽ നിലവിലെ 546 മുതൽ 792 വരെയുള്ള സ്ലീപ്പർ ബെർത്തുകൾ 144 ആയി കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.