കോട്ടയം: മന്ത്രി എ.കെ. ശശീന്ദ്രെൻറ ഫോൺ വിളി പുറത്തുവന്നതിനുപിന്നിൽ പാർട്ടിയിലെ ആർക്കെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോ. പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങൾ ഇതിനുപിന്നിലില്ല. മന്ത്രിക്കെതിരെ പാർട്ടിയിൽ ഗൂഢാലോചനയില്ലെന്നും അദ്ദേഹം കോട്ടയം പ്രസ് ക്ലബിെൻറ 'മുഖാമുഖ'ത്തിൽ പറഞ്ഞു.
ശശീന്ദ്രൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് പാർട്ടിയുടെ അഭിപ്രായം. മന്ത്രിക്കെതിരെ പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെങ്കിൽ പൊലീസ് സത്യം പുറത്തുകൊണ്ടുവരണം. പൊലീസ് അന്വേഷണത്തിൽ പാർട്ടി ഇടപെടില്ല. കൊല്ലത്ത് പാർട്ടിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മന്ത്രി ഇടപെടണമെന്ന് പ്രവർത്തകർ പറഞ്ഞതനുസരിച്ചാണ് അദ്ദേഹം ഫോൺ വിളിച്ചത്. പ്രശ്നങ്ങൾ നല്ലനിലയിൽ തീർക്കണമെന്നാണ് പറഞ്ഞത്. മന്ത്രി പറഞ്ഞതിൽ മുൻതൂക്കം നൽകേണ്ടത് സംഘടനാപരമായ കാര്യങ്ങൾക്കാണ്.
പാർട്ടിയിൽ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിൽനിന്നാണ് പരാതി വരുന്നത്. 18 ദിവസം കഴിഞ്ഞാണ് പരാതി നൽകിയത്. എന്തുകൊണ്ടാണ് പരാതി വൈകിയതെന്ന് ചിന്തിക്കേണ്ടതുണ്ട്. ബി.ജെ.പിക്കാരിയായ പെൺകുട്ടിയെ യുവമോർച്ചയാണ് സഹായിക്കുന്നത്. അടുത്തിടെ ബി.ജെ.പി നേതാവടക്കം എൻ.സി.പിയിലേക്ക് വന്നിരുന്നു. ഇതിനുപിന്നാലെയാണ് പരാതികൾ ഉയരുന്നത്.
സംഘടനാപരമായ നടപടി എടുക്കാനേ പാർട്ടിക്ക് കഴിയൂ. മറ്റ് നടപടികൾ സ്വീകരിക്കേണ്ടത് പൊലീസാണ്. പാർട്ടി അന്വേഷണകമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ രണ്ടുപേർക്കെതിരെ നടപടിയെടുത്തു. തുടർനടപടി തിങ്കളാഴ്ച കൊച്ചിയിൽ ചേരുന്ന സംസ്ഥാന സമിതി യോഗം വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.