വിദ്യാഭ്യാസ ആനുകൂല്യങ്ങളില്ല: എസ്.സി-എസ്.ടി വിദ്യാർഥികൾ ദുരിതത്തിൽ

കോഴിക്കോട്: സംസ്ഥാനത്ത് മാസങ്ങളായി വിദ്യാഭ്യാസ അനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് പട്ടികജാതി-വർഗ വിദ്യാർഥികൾ. കോളജ് ഹോസ്റ്റലിലും പുറത്തെ ഹോസ്റ്റലുകളിലും നിന്ന് പഠിക്കുന്നവർ പഠനം ഉപേക്ഷിക്കേണ്ട സ്ഥിതിയാണുള്ളതെന്ന് വിദ്യാർഥികൾ പറയുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമയബന്ധിതമായി രേഖകൾ നൽകാത്തതാണ് കാരണമെന്ന് പട്ടികജാതി-വർഗ ഡയറക്ടറേറ്റുകൾ നൽകുന്ന മറുപടി. എന്നാൽ, ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലമാണ് ആനുകൂല്യം ലഭിക്കാൻ കാല തമസം നേരിടുന്നതെന്ന് പറഞ്ഞ് സ്ഥാപനങ്ങൾ കൈയൊഴിയുന്നു. ഈ നില തുടർന്നാൽ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്നവർ പഠനം ഉപേക്ഷിച്ച് മടങ്ങേണ്ടിവരുമെന്നതാണ് സ്ഥിതി.

ചില വിദ്യാർഥികൾക്ക് ഈ അക്കാദമിക് വർഷത്തിൽ രണ്ടു മാസം മാത്രമാണ് അനുകൂല്യം ലഭിച്ചത്. കോളജ് ഹോസ്റ്റൽ അധികാരികൾ പണം നൽകാൻ വിദ്യാർഥികൾക്ക് മേൽ സമ്മർദം ചെലുത്തുന്നു. ഇക്കാര്യത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പ്രകാത്ന ഗോത്രവിഭാഗത്തിലെയും പട്ടികജാതി ദുർബല വിഭാഗത്തിലെയും വിദ്യാർഥികളാണ്. അവർക്ക് പ്രത്യേക പരിഗണനയും സർക്കാർ നൽകിയിട്ടില്ല.

വിദ്യാർഥികൾ കൊഴിഞ്ഞ് പോകുന്നതിന് പ്രധാന കാരണം എസ്.സി-എസ്.ടി വകുപ്പിന്റെ അനാസ്ഥയാണ്. വിദ്യാർഥികൾക്ക് നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകണമെന്ന കേന്ദ്രനിർദേശം സംസ്ഥാനത്ത് നടപ്പാക്കിയപ്പോൾ കാര്യങ്ങളാകെ തകിടം മറിഞ്ഞു. കേന്ദ്ര നിർദേശം സംസ്ഥാനത്ത് സമയബന്ധിതമായി നടപ്പാക്ക​പ്പെടുന്നില്ല.

അതേസമയം, ഡയറക്ട് പേമന്റെ് എന്ന നിലയിൽ ഇ- ഗ്രാൻറ് അടക്കം ബാങ്ക് അക്കൗണ്ട് വഴി നൽകിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വം അവസാനിപ്പിച്ചു. സമയബന്ധിതമായി സ്ഥാപനങ്ങളിൽ ഫീസ് അടയ്ക്കാൻ വിദ്യാർഥികളോട് അഡ്മിഷൻ സമയത്ത് തന്നെ കോളജ് അധികൃതർ ആവശ്യപ്പെട്ടു. വണ്ടിക്കൂലിക്ക്പോലും പണമില്ലാത്ത ആദിവാസി വിദ്യാർഥികൾ പലരും അഡ്മിഷൻ പോലുമെടുക്കാതെ മടങ്ങിയ സംഭവങ്ങളുണ്ടായി.

പ്രവേശനം കുട്ടികളും സ്ഥാപനവും തമ്മിലുള്ള ഇടപാടായി. ഫീസ് അടച്ചിട്ട് സ്ഥാപനത്തിൽ പ്രവേശിച്ചാൽ മതിയെന്നാണ് പല മാനേജ്മെന്റ് കോളജ് അധികൃതരുടേയും തീരുമാനം. ചിലയിടങ്ങളിൽ സ്റ്റാമ്പ് പേപ്പറിൽ എഴുതിവാങ്ങിയാണ് കോളജ് അധികൃതർ പ്രവേശനം നൽകിയത്. സ്വന്തമായി പണം മുടക്കി വിദ്യാഭ്യാസം തുടരാൻ കഴിയാത്ത എസ്.സി-എസ്.ടി വിദ്യാർഥികളാണ് ഇതോടെ പ്രതിസന്ധിയിലായത്. വിദ്യാർഥികൾൾക്ക് ഏത് ആനുകൂല്യമാണ് ഡയറക്ടറേറ്റിൽനിന്ന് അക്കൗണ്ടിലേക്ക് നൽകിയതെന്ന് അറിയാൻ സംവിവിധാനമില്ല.

ലംപ്സം ഗ്രാന്റ് അടക്കം പല ആനുകൂല്യങ്ങളും അക്കൗണ്ടിലേക്കാണ് വരുന്നത്. എ.ടി.എം കാർഡ് ഉപയോഗിക്കുന്നതാകട്ടെ പലയിടത്തും രക്ഷിതാക്കളാണ്. എ.ടി.എമ്മിൽവന്നത് ഏത് പണമാണെന്ന പോലും അറിയാതെ അവർ ചെലവഴിച്ച സംഭവങ്ങളുമുണ്ട്. ഈ അക്കാദമിക വർഷം പ്രവേശനം ലഭിച്ച വിദ്യാർഥികളും പ്രതിസന്ധിയിലാണ്. ഫലത്തിൽ എസ്.സി-എസ്.ടി വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന പരിരക്ഷ സംസ്ഥാന സർക്കാർ അവസാനിപ്പിക്കുകയാണ്.

സർക്കാരിന്റെയും ഉദ്യോഗസ്ഥ മേധാവികളുടെയും കെടുകാര്യസ്ഥതയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് എന്ന് ദലിത്-ആദിവാസി നേതാക്കൾ പറയുന്നു. പട്ടികജാതി ഉദ്യോഗസ്ഥർ വിദ്യാർഥികളോട് വളരെ മോശമായിട്ടാണ് ഇടപെടുന്നത്. ഭരണഘടനാപരമായി മൗലിക അവകാശം അംഗീകരിക്കാൻ ഉദ്യോഗസ്ഥർ തയാറല്ല. പരമാവധി വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി മന്ത്രി കെ.രാധാകൃഷ്ണൻ പ്രഖ്യാപിക്കുമ്പോഴും വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്കിലേക്കാണ് ഇത് നയിക്കുന്നത്. ഇത്തവണത്തെ പ്ലസ് ടു റിസൾട്ടിൽ പട്ടികജാതി-വർഗ വിദ്യാർഥികൾ പിന്നോക്കമായതിന് കാരണവും സർക്കാരിന്റെ പിടിപ്പ് കേടാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.


Tags:    
News Summary - No educational benefits: SC-ST students in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.