സർവകലാശാല ഭരണത്തിൽ ഒരു തരത്തിലും സർക്കാർ അനധികൃത ഇടപെടൽ നടത്തിയിട്ടില്ലെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.കെ. ബാലൻ. ഗവർണർ പ്രവർത്തിക്കുന്നതും സർക്കാർ പ്രവർത്തിക്കുന്നതും ഭരണഘടനാപരമായിട്ടാണ്. നിയമങ്ങളിലും ചട്ടങ്ങളിലും നിന്നുകൊണ്ടല്ലാതെ ഒരുതരത്തിലുമുള്ള ഇടപെടലും സർക്കാറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല -എ.കെ. ബാലൻ പറഞ്ഞു.
ഭരണതലത്തിൽ രണ്ട് ഔപചാരിക സ്ഥാപനങ്ങളാണ് സർക്കാറും ഗവർണറും. ഇവയെ രണ്ട് കമ്പാർട്ടുമെന്‍റുകളാക്കി ഒന്നും അങ്ങോട്ട് പറയാൻ പാടില്ല, ഇങ്ങോട്ട് പറയാൻ പാടില്ല എന്ന നിലപാടെടുക്കാൻ പാടില്ല. ഭരണപരമായ കാര്യങ്ങളിൽ സർക്കാർ ഇടപെടൽ ഭരണഘടനാപരമായ ബാധ്യതയാണ്.
ഗവർണറുടെ ചാൻസലർ പദവി ഒരു ഭരണഘടനാ പദവിയല്ല. ഗവർണറോട് യൂണിവേഴ്സിറ്റി നിയമങ്ങൾ മറികടന്ന് ഒന്നും ചെയ്യാൻ സർക്കാർ പറഞ്ഞിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. പൗരത്വ ഭേദഗതി നിയമം വന്നപ്പോൾ ഇതിലും കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
കണ്ണൂർ വി.സി നിയമനം നിയമപരമായി ചെയ്തതാണ്. ഗവർണറും അത് അംഗീകരിച്ചതാണ്. ഇപ്പോൾ അത് നിയമപ്രകാരമല്ലെന്ന് പറയുന്നത് ഗവർണർക്ക് ഗുണകരമാവില്ല. ഈ പ്രശ്‌നത്തിൽ കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കാൻ പോകുന്നില്ല.
ബന്ധു നിയമന വിഷയത്തിൽ വസ്തുതാ വിരുദ്ധമായ വാർത്തകളാണ് സർക്കാരിനെതിരെ പ്രചരിപ്പിക്കുന്നത്. സി.പി.എം നേതാക്കളുടെ ഭാര്യമാർ അനധികൃത നിയമനം നേടുന്നതായി പ്രചാരണം നടത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ എം.ബി. രാജേഷ് ജയിച്ചതോടെ കാലടി സർവ്വകലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമന വിവാദം ഇല്ലാതായെന്നും എ.കെ. ബാലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.