തിരുവനന്തപുരം: സെക്രേട്ടറിയറ്റിലെ പൊതുഭരണവകുപ്പിലുണ്ടായ തീപിടിത്തത്തിൽ സുപ്രധാന ഫയലുകളൊന്നും കത്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാറിന് ലഭിച്ച പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് ചില ഫയലുകൾ ഭാഗികമായി മാത്രമാണ് കത്തിയതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സംഭവം അന്വേഷിക്കാൻ എ.ഡി.ജി.പിയുടെയും ഡിസാസ്റ്റർ മാനേജ്മെൻറ് കമീഷണറുടെയും നേതൃത്വത്തിൽ രണ്ട് സമിതികളെ നിയോഗിച്ചു. എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ നേതൃത്വത്തിലെ പൊലീസ് അന്വേഷണമാണ് ഒന്ന്. തീപിടിത്തകാരണം ഉള്‍പ്പെടെ സാങ്കേതികവശം പരിശോധിക്കാന്‍ ഡിസാസ്റ്റർ മാനേജ്മെൻറ് കമീഷണര്‍ എ. കൗശികെൻറ നേതൃത്വത്തില്‍ ഉന്നതതല സമിതിയെക്കൂടി നിയോഗിച്ചു. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം.
കെ.എസ്.ഡി.എം.എ മെംബര്‍ സെക്രട്ടറി, ഫയര്‍ ആൻഡ് റെസ്ക്യൂ ടെക്നിക്കല്‍ ഡയറക്ടര്‍, പി.ഡബ്ല്യൂ.ഡി ചീഫ് എൻജിനീയര്‍, വൈദ്യുതി വകുപ്പിലെ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ എന്നിവരടങ്ങുന്നതാണ് രണ്ടാമത്തെ കമ്മിറ്റി. തീപിടിത്തകാരണം, നഷ്ടം, ഏതെല്ലാം ഫയലുകള്‍ നഷ്ടപ്പെട്ടു, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ എന്നിവ സമിതി പരിശോധിക്കും. സെക്രേട്ടറിയറ്റ് സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനും തീരുമാനിച്ചു. ഇതിന് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
ചൊവ്വാഴ്ച വൈകുന്നേരം സെക്രേട്ടറിയറ്റിലെ പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗത്തിലെ 2 എ, 5 വിഭാഗത്തിലാണ് തീപിടിത്തമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോർട്ട് വരുംമുമ്പ് ധിറുതികൂട്ടിയിട്ട് കാര്യമില്ല.
സെക്രേട്ടറിയറ്റിനകത്ത് പാലിക്കേണ്ട സുരക്ഷാക്രമീകരണം വകവെക്കാതെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ഉൾപ്പെടെ ചാടിക്കയറിയത് സർക്കാർ ഗൗരവമായി കാണുന്നു. മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയ എല്ലാ കാര്യവും അന്വേഷിക്കും. തീപിടിത്തതിന് പ്രത്യേക മാനം ചാർത്തിക്കൊടുക്കാനാണ് ബി.ജെ.പിയും യു.ഡി.എഫും ശ്രമിച്ചത്. കേരളത്തിൽ മറ്റു ചില കാര്യങ്ങളിൽ നടക്കുന്നതുപോലെ ആദ്യം ബി.ജെ.പിയെത്തി. പിന്നാലെ യു.ഡി.എഫ് നേതാക്കളുമെത്തി പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചു. കോവിഡ് ചട്ടങ്ങൾ ലംഘിച്ച് സംസ്ഥാനത്തിെൻറ പല ഭാഗത്തും അക്രമങ്ങൾ നടത്തുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.