കോട്ടയം: കെ.എസ്.ആർ.ടി.സിയിൽനിന്ന് പിരിച്ചുവിട്ട എം പാനൽ ജീവനക്കാർക്ക് ദീർഘദൂര സർവിസുകൾക്കായി രൂപവത്കരിച്ച കെ. സ്വിഫ്റ്റിൽ ജോലി നൽകുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴായി.
എം പാനൽ ജീവനക്കാരെ ഒഴിവാക്കില്ലെന്ന് 2020 ഒക്ടോബർ 15നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കോടതി വിധി അടിസ്ഥാനത്തിൽ 10 വർഷം സേവനം ഉള്ളവരും പി.എസ്.സിയോ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയോ നിയമനം ലഭിച്ചവരെ മാത്രമെ സ്ഥിരപ്പെടുത്താൻ കഴിയുകയുള്ളൂ. മറ്റുള്ളവരെ ഘട്ടം ഘട്ടമായി സബ്സിഡിയറി കമ്പനി ആയി രൂപവത്കരിക്കുന്ന കെ. സ്വിഫ്റ്റിൽ തൊഴിൽ നൽകുമെന്നാണ് അദ്ദേഹം പറഞ്ഞത്. 2021 ജൂൺ 18ന് കെ.എസ്.ആർ.ടി.സിയിലെ സംഘടനകളുമായി ചർച്ചക്കുള്ള അജണ്ടയുടെ ഏഴാം പേജിൽ സി.എം.ഡി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.
10 മുതൽ 12 വർഷം വരെ ജോലി ചെയ്തിരുന്ന 8906 തൊഴിലാളികളെയാണ് പുറത്താക്കിയത്. 2018 ഫെബ്രുവരി 21 ലെ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആദ്യം 4070 കണ്ടക്ടർമാരെയും പിന്നാലെ 1885 ഡ്രൈവർമാരെയും കുറച്ചുനാളുകൾക്ക് ശേഷം മറ്റൊരു 2951 എം പാനൽ തൊഴിലാളികളെയുമാണ് പിരിച്ചുവിട്ടത്. സാധാരണ തൊഴിലാളികൾക്ക് നൽകുന്നതിന്‍റെ പകുതി ശമ്പളം പോലും ഇവർക്കു നൽകിയിരുന്നില്ല. അന്നത്തെ ശമ്പള സ്കെയിലിൽ സ്ഥിരം ഡ്രൈവർ /കണ്ടക്ടറുടെ എട്ടു മണിക്കൂർ സമയത്തെ ശമ്പളം 760 രൂപയായിരുന്നു, എന്നാൽ എം. പാനലുകൾക്ക് നൽകിയിരുന്നത് 480 രൂപ മാത്രമായിരുന്നു.
കെ. സ്വിഫ്റ്റിലേക്ക് എം പാനലുകാരെ നിയമിക്കുമെന്ന വാഗ്ധാനം മറികടന്നാണ് ജനുവരി 24ന് പത്രങ്ങളിൽ കെ. സ്വിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർ ജോലി ഒഴിവ് സംബന്ധിച്ച പരസ്യം നൽകിയത്. സർക്കാർ സ്ഥാപനമായ സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡെവലപ്മെന്‍റിനാണ് കെ. സ്വിഫ്റ്റിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കാൻ അധികാരം നൽകിയത്.
അതിനിടെ, ഡ്രൈവർ കം കണ്ടക്ടർ എന്നതുതന്നെ തൊഴിൽ ചൂഷണമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ദീർഘദൂര സർവിസുകളിൽ രണ്ട് ഡ്രൈവർ കം കണ്ടക്ടർമാരെ അയച്ചാൽ അവർ മാറി മാറി വണ്ടി ഓടിക്കും എന്നാണ് ഇതിന്‍റെ ഗുണമായി ചൂണ്ടിക്കാണിച്ചത്. എന്നാൽ, തൊഴിലാളി യൂനിയനുകൾക്ക് നൽകിയ ചർച്ച അജണ്ടയുടെ 19-ാം പേജിൽ മോട്ടോർടാൻസ്പോർട്ട് വർക്കേഴ്സ് നിയമം അനുസരിച്ച് ദീർഘദൂര സർവിസുകളിൽ ഡ്രൈവറേയും കണ്ടക്ടറേയും പരമാവധി എട്ടു മണിക്കൂർ കൂടുതൽ തുടർച്ചയായി നിയോഗിക്കാൻ പാടില്ല എന്ന് സി.എം.ഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2022 മാർച്ചിൽ കെ. സ്വിഫ്റ്റിന് നൽകിയ റാങ്ക് ലിസ്റ്റിൽ 1554 പേരെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 4070 എം പാനൽ കണ്ടക്ടർമാരും 1885 എംപാനൽ ഡ്രൈവർമാരും ഉണ്ടായിരിക്കെ അടുത്ത അഞ്ചു വർഷത്തിനിടെ പുറത്തിറക്കാൻ പോകുന്ന 1000 ബസുകളിലെങ്കിലും ഇവരെ നിയമിക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.