തൃശൂർ: കോവിഡ്, ഒമിക്രോൺ ചികിത്സയിൽ 'അസിത്രോമൈസിൻ' ഉൾപ്പെടെ ആന്റിബയോട്ടിക്കുകൾ വ്യാപകമായി ഉപയോഗിക്കുന്നതിനെതിരെ സംസ്ഥാന മരുന്ന് നിയന്ത്രണ വിഭാഗവും (ഡ്രഗ്സ് കൺട്രോൾ) പൊതുജനാരോഗ്യ പ്രവർത്തകരും രംഗത്ത്. കുറിപ്പടിയില്ലാതെ മരുന്നുകടകൾ ആന്റിബയോട്ടിക്കുകൾ നൽകുന്നതിനെതിരെ പരിശോധനക്ക് ഡ്രഗ്സ് കൺട്രോൾ വിഭാഗം ജില്ല അധികാരികൾക്ക് നിർദേശം നൽകി.
ആദ്യ രണ്ട് തരംഗങ്ങളിൽ കോവിഡിന് വ്യാപകമായി നിർദേശിക്കപ്പെട്ടവയാണ് ആന്റിബയോട്ടിക്കുകളായ അസിത്രോമൈസിനും ഡോക്സിസൈക്ലിനും. കോവിഡ് വൈറസ് മൂലമുണ്ടാകുന്ന അസുഖമാണെങ്കിലും ബാക്ടീരിയ ബാധ ഉണ്ടായേക്കാമെന്ന സന്ദേഹത്തിലായിരുന്നു അസിത്രോമൈസിൻ നിർദേശിക്കപ്പെട്ടത്. എന്നാൽ, പിന്നീട് മനുഷ്യരിലുൾപ്പെടെ നടന്ന ഗവേഷണങ്ങളിൽ കോവിഡ് ചികിത്സയിൽ ഇവ ഒരു ഗുണഫലവും ചെയ്യുന്നില്ലെന്ന് കണ്ടെത്തി.
ആധികാരിക സമഗ്ര ഗവേഷണ പദ്ധതിയായ 'മെറ്റാ അനാലിസിസി'ന് വിധേയമാക്കിയപ്പോഴും അസിത്രോമൈസിൻ ഫലപ്രദമല്ലെന്ന് കണ്ടെത്തി. ഈ ഗവേഷണ ഫലം 'ക്ലിനിക്കൽ മൈക്രോബയോളജി ആൻഡ് ഇൻഫക്ഷൻ' എന്ന അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള സർക്കാർ ഇറക്കിയ കോവിഡ് ചികിത്സ പ്രോട്ടോകോളിൽ ഈ ഔഷധം നിർദേശിക്കപ്പെട്ടിട്ടില്ല. ലോകാരോഗ്യ സംഘടനയോ കേരള സർക്കാർ മാർഗരേഖയോ അസിത്രോമൈസിൻ ശിപാർശ ചെയ്യുന്നില്ല.
അസിത്രോമൈസിൻ കോവിഡ് ചികിത്സയിൽ ഫലപ്രദമല്ലെന്ന് കേരള സർക്കാർ മാർഗനിർദേശം വ്യക്തമാക്കുന്നുമുണ്ട്. ആ നിലക്ക്അസിത്രോമൈസിൻ വ്യാപകമായി മെഡിക്കൽ ഷോപ് വഴി വിതരണം ചെയ്യുന്നത് തടയണമെന്ന് ചൂണ്ടിക്കാട്ടി കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ വൈദ്യരംഗത്തെ കൂട്ടായ്മയായ കാപ്സ്യൂൾ കേരളയാണ് കേരള ഡ്രഗ്സ് കൺട്രോൾ അധികൃതർക്ക് പരാതി നൽകിയത്. സംസ്ഥാന സർക്കാർ അസിത്രോമൈസിൻ ഉപയോഗം കോവിഡ് ചികിത്സയിൽ നിർദേശിച്ചിട്ടില്ലെന്നും ജില്ലകളിൽ പരിശോധനക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സംസ്ഥാന ഡ്രഗ്സ് കൺട്രോളർ പി.എം. ജയൻ അറിയിച്ചു.
ആവശ്യത്തിന് മാത്രം ആന്റിബയോട്ടിക്കുകൾ കഴിക്കാൻ ശ്രദ്ധിക്കണമെന്ന് പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. കെ.കെ. പുരുഷോത്തമൻ പറഞ്ഞു. എലിപ്പനി പോലുള്ള പല അസുഖങ്ങൾക്കുമുള്ള ഔഷധമാണ് അസിത്രോമൈസിൻ. ഇവ കൂടുതലായി കഴിക്കുമ്പോൾ ബാക്ടീരിയകൾ ഈ മരുന്നിന്റെ ഫലപ്രാപ്തി മറികടക്കാനുള്ള ശേഷി സ്വായത്തമാക്കിയേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.