കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ കാണാം കേരളത്തിലെ മുന്നണികൾ വനിതകളോട് കാണിച്ചിട്ടുള്ള നീതികേടിെൻറ ചിത്രം. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിൽ 10 ശതമാനം സീറ്റുപോലും ഒരു രാഷ്ട്രീയ പാർട്ടിയും ഇന്നേവരെ സ്ത്രീകൾക്ക് നൽകിയിട്ടില്ല. ഇത്തവണ സ്ഥാനാർഥി പട്ടിക വന്നപ്പോഴും തൽസ്ഥിതിക്ക് മാറ്റമില്ല.
2011ൽ ഇടതു-വലതു മുന്നണികളിൽനിന്നായി നിയമസഭയിലേക്ക് 22 വനിതകളാണ് മത്സരിച്ചത്. 2016ൽ വനിതകളുടെ എണ്ണം 26 ആയി. 2021ൽ 25 ആയി കുറയുകയും ചെയ്തു.
ഇത്തവണ ഇടതു മുന്നണി 15 പേരെയും ഐക്യമുന്നണി 10 പേരെയുമാണ് മത്സരിപ്പിക്കുന്നത്. ഇതിൽ 12 പേർ സി.പി.എമ്മിൽനിന്നാണ്. സി.പി.ഐ രണ്ടു വനിതകളെയും കേരള കോൺഗ്രസ് എം ഒരു വനിതയെയും രംഗത്തിറക്കി. 2011ൽ 12 പേരെയും 2016ൽ 10 പേരെയുമാണ് സി.പി.എം മത്സരിപ്പിച്ചത്. 2011ൽ മൂന്നുപേരെയും 2016ൽ നാലുപേരെയും മത്സരിപ്പിച്ച സി.പി.ഐ 2021ൽ വനിത പ്രാതിനിധ്യം രണ്ടുപേരിലൊതുക്കി.
കോൺഗ്രസ് 2011ൽ എട്ടു വനിതകൾക്കും 2016ൽ ഒമ്പതു വനിതകൾക്കുമാണ് അവസരം നൽകിയത്. കോൺഗ്രസ് ഒമ്പതുപേരെ പരിഗണിച്ചപ്പോൾ പേരിനൊരാളെ ഉൾപ്പെടുത്തി മുസ്ലിംലീഗ്. 1996ൽ കോഴിക്കോടുനിന്ന് മത്സരിച്ച ഖമറുന്നിസ അൻവറിനുശേഷം ലീഗിെൻറ രണ്ടാമത്തെ വനിത സ്ഥാനാർഥിയാകാൻ അഡ്വ. നൂർബിന റഷീദിന് അവസരം ലഭിച്ചു.
2011ൽ മത്സരിച്ച 22 വനിതകളിൽ ജയിച്ചത് ഏഴുപേർ മാത്രമാണ്. എൽ.ഡി.എഫിൽനിന്ന് ആറുപേരും കോൺഗ്രസിൽനിന്ന് ഒരാളും. 2016ൽ എൽ.ഡി.എഫിൽനിന്നുള്ള എട്ടുപേർ മാത്രം ജയിച്ചു. ഇതിൽ അഞ്ചുപേർ സി.പി.എം പ്രതിനിധികളും മൂന്നുപേർ സി.പി.ഐ പ്രതിനിധികളുമായിരുന്നു.
കോൺഗ്രസ് സ്ഥാനാർഥികളാരും ജയിച്ചില്ല. 2019ൽ അരൂരിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച് കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ നിയമസഭയിലെത്തി പ്രതിപക്ഷത്തെ ഏകവനിതയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.