പാലക്കാട്: കെ.എസ്.ഇ.ബിയിൽ പുരോഗമിക്കുന്ന പുനഃസംഘടന നടപടികളുടെ പശ്ചാത്തലത്തിൽ പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യില്ലെന്ന് ബോർഡ് പി.എസ്.സിയെ അറിയിച്ചു. വിതരണമേഖലയിൽ ഉൾപ്പെടെ സമഗ്രമാറ്റം നിർദേശിക്കപ്പെട്ട പുനഃസംഘടനയിൽ 4000 തസ്തികകൾ ഇല്ലാതാക്കാനുള്ള നിർദേശം പരിഗണിക്കുന്ന സാഹചര്യത്തിലാണിത്. പുതിയ നിയമനം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നത് പുനഃസംഘടന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ നടപടി നിർത്തിവെക്കണമെന്ന ചെയർമാന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി സിവിൽ വിഭാഗം സബ് എൻജിനീയർ തസ്തികയിലേക്കുള്ള ഒഴിവുകൾ അറിയിക്കാനാവില്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ പി.എസ്.സിയെ അറിയിക്കുകയായിരുന്നു.
ഒരുസമയത്ത് റെഗുലേറ്ററി കമീഷൻ അംഗീകരിച്ചതിൽ കൂടുതലായിരുന്നു ജീവനക്കാരെങ്കിൽ ഇപ്പോൾ കുറവാണ്. 30,321 ജീവനക്കാരുടെ ശമ്പളച്ചെലവിന് റെഗുലേറ്ററി കമീഷൻ അംഗീകാരം നൽകിയിടത്ത് ഇപ്പോൾ 27,200ഓളം ജീവനക്കാരേ ഉള്ളൂ. ആയിരത്തിലേറെ പേർ പ്രതിവർഷം വിരമിക്കുന്നുമുണ്ട്. ഇത് കണക്കിലെടുക്കുമ്പോൾ വെട്ടിക്കുറക്കുന്ന നാലായിരത്തോളം തസ്തികയിലേക്കെത്താൻ അധികവർഷം വേണ്ട. ഇതിലൂടെ പിരിച്ചുവിടൽ പോലുള്ള കടുത്ത നടപടികൾ ഒഴിവാക്കാമെന്നും കരുതുന്നു.
കമ്പ്യൂട്ടർവത്കരണത്തിന്റെയും നൂതന സാങ്കേതികവിദ്യകളുടെയും ഫലമായി നിലവിലെ ജീവനക്കാരുടെ എണ്ണവും ചെലവുകളും കുറക്കാനും അധികമായി കണ്ടെത്തുന്നവരെ പുനർവിന്യസിക്കാനും റെഗുലേറ്ററി കമീഷൻ കെ.എസ്.ഇ.ബിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി രണ്ടു വർഷം മുമ്പാണ് പുനഃസംഘടന നടപടി തുടങ്ങിയത്. അന്നുമുതൽക്കേ ബോർഡ് ചെയർമാൻ പുതിയ നിയമനങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചിരുന്നു. പുനഃസംഘടന സംബന്ധിച്ച് രണ്ടുവർഷം മുമ്പ് സംഘടനകളിൽനിന്ന് നിർദേശങ്ങൾ സ്വരൂപിച്ചിരുന്നെങ്കിലും തുടർനടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.