തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷ്യൻസ് സി.എം.ആർ.എല്ലിന് നൽകിയ സേവനത്തിന് ലഭിച്ച തുകയുടെ ഐ.ജി.എസ്.ടി അടച്ചോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ ജി.എസ്.ടി വകുപ്പ്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ജി.എസ്.ടി വകുപ്പ് മറുപടി നൽകാതിരുന്നത്.
സി.എം.ആർ.എല്ലിൽ നിന്നും എക്സാലോജിക് വാങ്ങിയ 1.72 കോടി രൂപക്ക് ഐ.ജി.എസ്.ടി അടച്ചോ എന്നായിരുന്നു അപേക്ഷകന്‍റെ ചോദ്യം. എന്നാൽ, വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് സെക്ഷൻ 8(1) (ഇ) പ്രകാരം മറുപടി നൽകാൻ കഴിയില്ലെന്നാണ് ബന്ധപ്പെട്ട വകുപ്പ് മറുപടി നൽകിയത്.
അതേസമയം, ജി.എസ്.ടി വകുപ്പിന്‍റെ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ രംഗത്തെത്തി. ജി.എസ്.ടി വകുപ്പിന്‍റേത് വിചിത്രമായ മറുപടിയാണെന്ന് കുഴൽനാടൻ പറഞ്ഞു. സർക്കാറിന് ലഭിക്കേണ്ട നികുതി കിട്ടിയോ എന്ന ചോദ്യത്തിന് മറുപടി നൽകില്ലെന്ന് പറയുന്നത് ഒളിച്ചോട്ടമാണെന്ന് കുഴൽനാടൻ വ്യക്തമാക്കി.
ജി.എസ്.ടി ഇടപാടുമായി ബന്ധപ്പെട്ട് താൻ ആദ്യം ചോദ്യം ഉന്നയിച്ചപ്പോൾ രേഖകൾ പിറ്റേദിവസം തന്നെ ഹാജരാക്കുമെന്ന് എ.കെ ബാലൻ പറഞ്ഞെങ്കിലും അത് ചെയ്തില്ലെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.