തിരുവനന്തപുരം: പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിന് വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാർ ആരംഭിച്ച കെ- സ്റ്റോറുകളിൽ സേവനവുമില്ല, സാധനങ്ങളുമില്ല.
റേഷൻ കടകളെ മിനി ബാങ്കുകൾ ആക്കുമെന്നും അക്ഷയ സേവനങ്ങളും സപ്ലൈകോയുടെ 13 ഇന സബ്സിഡി സാധനങ്ങളും പാൽ അടക്കം മിൽമ ഉൽപന്നങ്ങളും ലഭ്യമാക്കുമെന്നുമായിരുന്നു ഭക്ഷ്യവകുപ്പിന്റെ പ്രഖ്യാപനം. എന്നാൽ, നാളിതുവരെ ‘കേരളത്തിന്റെ സ്വന്തം സ്റ്റോറെ’ന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച കെ- സ്റ്റോറിലേക്ക് സാധനങ്ങൾ എത്തിയിട്ടില്ല. ഇതോടെ സർക്കാറിനെ വിശ്വസിച്ച് ലക്ഷങ്ങൾ വായ്പയെടുത്തും കടംവാങ്ങിയും കടകൾ നവീകരിച്ച 108 റേഷൻ വ്യാപാരികൾ പ്രതിസന്ധിയിലായി.
കഴിഞ്ഞ മേയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കെ-സ്റ്റോറുകൾ ഉദ്ഘാടനം ചെയ്തത്. 10,000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിങ് സംവിധാനമായിരുന്നു പ്രധാന ആകർഷണം. പുതുതായി 1000 രൂപയുടെ അക്കൗണ്ട് ചേർത്താൽ 28 രൂപ വ്യാപാരിക്ക് കമീഷൻ ലഭിക്കുമെന്നും സർക്കാർ വാഗ്ദാനം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പണം പിൻവലിക്കാനുള്ള മെഷീനും കമ്പ്യൂട്ടറും പ്രിന്ററും വ്യാപാരികൾ വാങ്ങിയെങ്കിലും ബാങ്കിങ് സേവനം എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച് യാതൊരു പരിശീലനവും വ്യാപാരികൾക്ക് നൽകിയിട്ടില്ല. അക്ഷയ സെന്റർ വഴിയുമുള്ള സേവനങ്ങളിലും നടപടി ഉണ്ടായില്ല.
നിലവിൽ വൈദ്യുതി ബില്ലും വെള്ളക്കരവും അടക്കാനുള്ള സൗകര്യമാണ് കെ- സ്റ്റോറിലുള്ളത്. ഇതാകട്ടെ ഗൂഗ്ൾ പേ പോലുള്ള യു.പി.എ പ്ലാറ്റ്ഫോം വഴി കാർഡുടമകൾക്ക് മൊബൈൽ ഫോണിലൂടെതന്നെ അടക്കാമെന്നതിനാൽ കാര്യമായ സാമ്പത്തിക പ്രയോജമില്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു.
സപ്ലൈകോ വഴിയുള്ള 13 ഇന സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോൾ കെ-സ്റ്റോറിലേക്ക് സബ്സിഡി സാധനങ്ങൾ നൽകേണ്ടതില്ലെന്നാണ് തീരുമാനം. ഇതോടെ കടകളിൽ നോൺ സബ്സിഡി സാധനങ്ങൾ മാത്രമാണുള്ളത്. മിൽമ ഉൽപന്നങ്ങൾ വിൽക്കുമ്പോൾ കെ-സ്റ്റോർ വ്യാപാരികൾക്ക് 14 ശതമാനം വരെ കമീഷനാണ് വാഗ്ദാനം ചെയ്തിരുന്നത്.
പാലും ഐസ്ക്രീമുമടക്കം 87 ഉൽപന്നങ്ങൾ മിൽമ പുറത്തിറക്കുന്നുണ്ടെങ്കിലും കെ-സ്റ്റോറിൽ ഇപ്പോഴുള്ളത് നെയ്യും വെർമസലിയും പാലട മിക്സും മാത്രമാണ്. അഞ്ച് കിലോഗ്രാമിന്റെ ഛോട്ടുഗ്യാസിലൂടെ കിട്ടുന്ന 45 രൂപയുടെ കമീഷനാണ് നിലവിൽ വ്യാപാരികൾക്ക് ആശ്വാസം. ഈ സാമ്പത്തിക വർഷം 1000 കെ- സ്റ്റോറുകൾ തുടങ്ങുമെന്നാണ് പ്രഖ്യാപനം. എന്നാൽ, വാഗ്ദാനങ്ങളിൽ മലക്കം മറിഞ്ഞതോടെ കടകൾ ആരംഭിക്കാൻ അപേക്ഷ നൽകിയ ഭൂരിഭാഗം വ്യാപാരികളും പിന്നാക്കം പോയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.