കോഴിക്കോട്: ഈസ്റ്ററും ചെറിയ പെരുന്നാളും പിറകെതന്നെ വിഷുവും ഇങ്ങെത്തിയെങ്കിലും നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭിക്കുന്ന സർക്കാറിന്റെ സബ്സിഡി ചന്തകൾ ഇത്തവണ ഉണ്ടാകില്ല. നിലവിലെ വിലക്കയറ്റത്തിൽ സാധാരണക്കാർക്ക് കുറച്ചെങ്കിലും ആശ്വാസമേകുന്നത് ഇത്തരം ചന്തകളായിരുന്നു.
കൺസ്യൂമർ ഫെഡ് മുഖേന പലതരത്തിലുള്ള ചന്തകളാണ് സർക്കാർ ഈ കാലയളവിൽ സംഘടിപ്പിക്കാറ്. ഇതിലൂടെ നിത്യോപയോഗ സാധനങ്ങൾ സിവിൽ സപ്ലൈസ് കോർപറേഷന്റെ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് ലഭിക്കാറുണ്ട്.
13 ഇനം സാധനങ്ങൾ പൊതു വിപണിയേക്കാൾ ഏകദേശം 30 ശതമാനം വിലക്കുറവിലാണ് ലഭിക്കുക. മറ്റ് അവശ്യ നിത്യോപയോഗ സാധനങ്ങളും കോസ്മെറ്റിക്സ്, ഹൗസ് ഹോൾഡ് ഉൽപന്നങ്ങളും പൊതുമാർക്കറ്റിനേക്കാൾ 15 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭിക്കാറുണ്ട്.
പൊതുവിപണിയിലെ വിലക്കയറ്റം പരിധിവരെ പിടിച്ചുനിർത്തുന്നതിൽ വലിയ പങ്കാണ് ഈ ചന്തകൾ വഹിക്കുന്നത്. ഓരോ കുടുംബത്തിനും അഞ്ചുകിലോ അരി, രണ്ടുകിലോ പച്ചരി, ഒരുകിലോ പഞ്ചസാര, 500 ഗ്രാം വീതം വെളിച്ചെണ്ണ, ചെറുപയർ, കടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിങ്ങനെയാണ് സബ്സിഡി നിരക്കിൽ ലഭിക്കാറുള്ളത്.
ഇത്തരം ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനവും ജില്ലതലത്തിൽ വിപണന കേന്ദങ്ങളെ തിരഞ്ഞെടുത്ത് ജില്ലതല ഉദ്ഘാടനങ്ങളും സംഘടിപ്പിക്കാറുണ്ട്. ത്രിവേണി സൂപ്പർമാർക്കറ്റുകളിലും മറ്റും സമ്മാനമഴ പോലുള്ള പദ്ധതികൾ വഴിയും ഉപഭോക്താക്കളെ ആകർഷിക്കാറുണ്ട്.
ഹോർട്ടികോർപ്പുമായി സഹകരിച്ചും സഹകരണ സംഘങ്ങൾ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ ശേഖരിച്ചും പച്ചക്കറി ചന്തകളും നടത്താറുണ്ട്. എന്നാൽ, ഇത്തവണ ഒരു കേന്ദ്രങ്ങളിലും ചന്തകൾ തുറക്കുന്നില്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി ലഭിക്കില്ല എന്നതാണ് ചന്തകൾ നടത്താതിരിക്കുന്നതിന് കാരണമായി അധികൃതർ നൽകുന്ന ഔദ്യോഗിക വിശദീകരണം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന് നേരത്തേ അറിയാമായിരുന്നതിനാൽ തന്നെ ചന്തകൾ നടത്തുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചാൽ ചന്തകൾ നടത്താൻ തടസ്സം നേരിടുമായിരുന്നില്ല. എന്നാൽ, സർക്കാർ അതിന് തയാറായില്ല.
നിലവിൽ സപ്ലൈകോ സ്റ്റോറുകൾ നടത്തിക്കൊണ്ടുപോകുന്നതിനുതന്നെ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. സർക്കാറിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലായതാണ് പ്രധാന കാരണം. പല സ്റ്റോറുകളിലും സബ്സിഡി സാധനങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി പതിവായി ഉണ്ടാകാറുണ്ട്.
മുളക് തുടങ്ങിയ സാധനങ്ങൾ ലഭിച്ചിട്ട് മാസങ്ങളായി. മല്ലിയും വെളിച്ചെണ്ണയും മറ്റ് ചില സാധനങ്ങളുമാണ് മാവേലി സ്റ്റോറുകൾ വഴി ലഭിക്കുന്നത്. കുടിശ്ശിക നൽകാത്തതിനാൽ സാധനങ്ങൾ നൽകാൻ വിസമ്മതിക്കുകയാണ് വിതരണക്കാർ. ഇതിനാൽ സബ്സിഡി സാധനങ്ങൾ പലതും ഇല്ലാതെയാണ് മാവേലി സ്റ്റോറുകൾ മുന്നോട്ടുപോകുന്നത്.
ഈ അവസ്ഥയിൽ ഈസ്റ്റർ, റമദാൻ, വിഷു ചന്തകൾ കൂടുതൽ ഭാരമാകുമെന്ന കണക്കുകൂട്ടലിലാണ് തെരഞ്ഞെടുപ്പിന്റെ കാര്യം ചൂണ്ടിക്കാട്ടി ചന്തകൾ സംഘടിപ്പിക്കുന്നതിൽനിന്ന് സർക്കാർ പിൻവാങ്ങുന്നതെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.