തിരുവനന്തപുരം: നിയന്ത്രണങ്ങൾ നീങ്ങുകയും െതാഴിൽമേഖലകൾ സജീവമാകുകയും ചെയ്തതോടെ അന്തർ സംസ്ഥാന തൊഴിലാളികളുടെ വരവ് സജീവമാകുന്നു. നേരിട്ട് ട്രെയിൻ സർവിസില്ലാത്തതിനാൽ ബസുകളിലാണ് തൊഴിലാളികളെ കേരളത്തിലേക്കെത്തിക്കുന്നത്. പ്രതിദിനം 40-60 ബസ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് തൊഴിലാളികളുമായി കേരളത്തിലേക്ക് എത്തുന്നുണ്ടെന്നാണ് കണക്ക്. ഇവരുടെ താമസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ലളിതവും കൂടുതൽ സൗകര്യപ്രദവുമാക്കുന്നതിന് ഒാർഡിനൻസിറക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
ഒരാഴ്ചക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് തൊഴിൽ വകുപ്പിൽനിന്നുള്ള വിവരം. ലോക്ഡൗണും കോവിഡുമായി ബന്ധപ്പെട്ട സാമൂഹിക നിയന്ത്രണങ്ങളും കാരണം അന്തർ സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്ന മേഖലകളെല്ലാം സ്തംഭിച്ചിരുന്നു. ലോക്ഡൗണിനെ തുടർന്ന് ഏപ്രിലിൽ തൊഴിൽ നഷ്ടം 74 ശതമാനമായിരുന്നു. 81 ശതമാനം അന്തർ സംസ്ഥാന തൊഴിലാളികൾക്കാണ് ഇക്കാലയളവിൽ തൊഴിൽ നഷ്ടപ്പെട്ടതെന്ന് എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിെൻറ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഇളവുകൾ വന്നെങ്കിലും ആരോഗ്യവകുപ്പിെൻറ കർശന മാനദണ്ഡങ്ങൾ തൊഴിലാളികളെത്തുന്നതിന് വീണ്ടും തടസ്സമായി. പരിശോധനയും ക്വാറൻറീനുമെല്ലാം തൊഴിലാളിയുടെയോ കരാറുകാരുടെയോ ചുമതലയാകും വിധത്തിലായിരുന്നു മാനദണ്ഡങ്ങൾ. മതിയായ യാത്ര സൗകര്യങ്ങളില്ലാത്തത് കൂടിയായതോടെ തൊഴിലാളികൾ വരാൻ മടിച്ചു. സാഹചര്യങ്ങൾ മാറിയതോടെ കരാറുകാരും ഏജൻസികളും ഇടപെട്ടാണ് ഇപ്പോൾ തൊഴിലാളികളെ എത്തിക്കുന്നത്. കേരളത്തിൽ നിന്നാണ് ബസുകൾ പശ്ചിമബംഗാളിലേക്കടക്കം തൊഴിലാളികളെ കൂട്ടാൻ പോകുന്നത്. യാത്രക്കൂലി തൊഴിലാളികളിൽനിന്ന് ഇൗടാക്കും.
തൊഴിലാളികളുടെ മടങ്ങിവരവ് സജീവമായിട്ടുണ്ടെങ്കിലും സർക്കാർ സംവിധാനങ്ങളുടെ കൈവശം കൃത്യമായ കണക്കുകളില്ല. തൊഴിൽ വകുപ്പിെൻറ കണക്കുകൾ പ്രകാരം 12000-13000 പേരാണ് മടങ്ങിയെത്തിയത്. ഇതിൽ കൂടുതൽ എറണാകുളം, കണ്ണൂർ ജില്ലകളിലാണ്. മടങ്ങിയെത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ മൊബൈൽ ആപ് തയാറാക്കുന്നതിനും തൊഴിൽ വകുപ്പ് ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.