തിരുവനന്തപുരം: രണ്ടുമാസമായി വേതനം ലഭിക്കാത്തതിനെ തുടർന്ന് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടാൻ റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സെപ്റ്റംബർ, ഒക്ടോബർ മാസത്തെ വേതനം നൽകണമെന്നാവശ്യപ്പെട്ട് പലതവണ മുഖ്യമന്ത്രി, ഭക്ഷ്യമന്ത്രി, ധനമന്ത്രി എന്നിവർക്ക് കത്ത് നൽകിയിട്ടും തുടർനടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ സി.ഐ.ടി.യു അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ പതിനായിരത്തോളം റേഷൻകടകൾ ചൊവ്വാഴ്ച അടച്ചിടുന്നത്. അതേസമയം, സി.പി.ഐ അനുകൂല സംഘടനായ കെ.ആർ.ഇ.എഫും കെ.എസ്.ആർ.ആർ.ഡി.എയുടെ അടൂർ പ്രകാശ് വിഭാഗവും സമരത്തിൽനിന്ന് പിന്മാറി.
കടയടപ്പ് സമരത്തെ സർക്കാർ വിലകുറച്ച് കാണുകയാണെങ്കിൽ ജനുവരി ആറു മുതൽ അനിശ്ചിതകാല കടയടപ്പുസമരവുമായി മുന്നോട്ടുപോകേണ്ടിവരുമെന്ന് സി.പി.എം എം.എൽ.എയും റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ സംസ്ഥാന കമ്മിറ്റി ചെയർമാനുമായ അഡ്വ.ജി. സ്റ്റീഫനും ജനറൽ കൺവീനർ അഡ്വ. ജോണി നെല്ലൂരും അറിയിച്ചു.
അതേസമയം, റേഷൻ വ്യാപാരികൾക്ക് പണം അനുവദിക്കുന്നത് സംബന്ധിച്ച് ധനവകുപ്പിന്റെ മെല്ലെപ്പോക്കാണ് വ്യാപാരികളെ സമരത്തിലേക്ക് തള്ളിവിട്ടതെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.