കൊച്ചി: മതമില്ലെന്ന് സ്വയം പ്രഖ്യാപിച്ചവർക്ക് സാമ്പത്തിക സംവരണ ആനുകൂല്യം ലഭ്യമാക്കാനുള്ള പദ്ധതിക്ക് സർക്കാർ ഉടൻ രൂപംനൽകണമെന്ന് ഹൈകോടതി. മതമില്ലെന്ന് അവകാശപ്പെട്ടതിന്റെ പേരിൽ ആനുകൂല്യം നിഷേധിക്കുന്നതിനെതിരെ ഒരുകൂട്ടം വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നിർദേശം.
മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് സാമ്പത്തിക സംവരണം ലഭിക്കുന്നത് എന്നതിനാലാണ് ഇവർക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ ഒരു ജാതിയിലോ വിഭാഗത്തിലോ ഉൾപ്പെടുന്നില്ലെന്ന കാരണത്താൽ പുരോഗമന ചിന്താഗതിക്കാരെന്ന് അവകാശപ്പെടുന്ന സർക്കാറിന് നിഷേധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
തങ്ങളും മക്കളും മതരഹിതരാണെന്ന് ചിലർ പ്രഖ്യാപിച്ചത് ഭരണഘടനാപരമായ ലക്ഷ്യത്തിലേക്കുള്ള ധീരമായ ചുവടുവെപ്പാണ്. പിന്നാക്ക, ന്യൂനപക്ഷ വിഭാഗക്കാർക്കുള്ള ആനുകൂല്യം ഇവർ ആവശ്യപ്പെടുന്നില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഭരണഘടനാനുസൃതമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ മാത്രമാണ് അവർക്ക് വേണ്ടത്.
പദവിയിലും സൗകര്യങ്ങളിലും അവസരങ്ങളിലും വരുമാനത്തിലും വ്യക്തികൾ തമ്മിലുള്ള അസമത്വം ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തേണ്ടത്. സമുദായം, ജാതി എന്നിവക്ക് പരിഗണന നൽകിക്കൊണ്ടാകരുത് ഈ നടപടികൾ. വിവിധ മേഖലകളിലെ അസമത്വം ഏറ്റവും നന്നായി വിലയിരുത്താനാവുന്നത് സംസ്ഥാന സർക്കാറായതിനാൽ സംവരണം നൽകുന്നതിലെ തുല്യതക്കുള്ള രീതികൾ വിലയിരുത്തേണ്ടതും അവരാണെന്നും കോടതി അഭിപ്രായപ്പെട്ടു.
സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്ന സമുദായങ്ങളുടെ പട്ടിക മുന്നാക്ക സമുദായ കമീഷൻ പുറപ്പെടുവിച്ചിട്ടുള്ളതിനാൽ ഈ ആനുകൂല്യം മതമില്ലാത്തവർക്ക് അനുവദിക്കാത്തത് ഭരണഘടന ലംഘനമാണെന്നാണ് ഹരജിക്കാരുടെ വാദം.
മതമില്ലെന്ന് പ്രഖ്യാപിച്ച സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക് കമ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകാൻ എത്രയും വേഗം നയവും മാർഗനിർദേശങ്ങളും രൂപവത്കരിക്കണമെന്നാണ് കോടതിയുടെ നിർദേശം. ഹരജിക്കാർക്ക് മതമില്ലെന്ന സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ച കോടതി, ഹരജി ഓണാവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.