പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക-കേരളാബാങ്ക് വായ്പാനിർണയ ക്യാമ്പ് 16 ന്

തിരുവനന്തപുരം : പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി 16 ന് തിരുവനന്തപുരത്ത് വായ്പാ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കിഴക്കേക്കോട്ടയില്‍ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിനു സമീപത്തെ കേരളാബാങ്ക് റീജിയണല്‍ ഓഫീസ് ബിൽഡിങില്‍ രാവിലെ 10 മുതലാണ് ക്യാമ്പ്.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാവുന്നതാണ്.

താല്പര്യമുള്ള പ്രവാസികൾക്ക് www.norkaroots.org/ndprem എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. പാസ്സ്‌പോർട്ടിന്റെ കോപ്പിയും,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്.

സംശയങ്ങൾക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - NORKA-Kerala Bank Loan Appraisal Camp for non-resident entrepreneurs on 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.