പുനലൂർ: സംസ്ഥാനത്തെ മികച്ചതെന്ന് ഖ്യാതി നേടിയ പുനലൂർ താലൂക്കാശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് രോഗികളെ വലക്കുന്നു. ദിവസവും 2500 ഓളം രോഗികൾ ഒ.പിയിലും 300 ഓളം രോഗികൾ കിടത്തിചികിത്സക്കും ഉണ്ടാകുന്ന ഈ ആശുപത്രിയിൽ ആവശ്യമുള്ള നാൽപതോളം ഡോക്ടർമാരിൽ പത്തുപേരുടെ കുറവാണുള്ളത്. ഇതുകാരണം ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്നതും ദിവസം മുഴുവൻ പ്രവർത്തിക്കുന്നതുമായ അത്യാഹിതവിഭാഗത്തിലെത്തുന്നവർക്കാണ് കൂടുതൽ ദുരിതം. ഈ വിഭാഗത്തിൽ മാത്രം എട്ട് ഡോക്ടർമാരുടെ കുറുവുണ്ട്.
കിഴക്കൻ മലയോര മേഖല ഉൾപ്പെടുന്ന ഭാഗമായതിനാൽ വന്യമൃഗങ്ങളുടെ ആക്രമണത്തിലും മറ്റ് അപകടങ്ങളിലുംപെട്ട് ദിവസവും പരിക്കേൽക്കുന്നവർ എത്തുന്നത് ഈ ആശുപത്രിയിലാണ്. ദിവസവും ശരാശരി 1200 പേർ അത്യാഹിതവിഭാഗത്തിൽ ഇവിടെ ചികിത്സക്ക് എത്തുന്നുണ്ട്. എപ്പോഴും തിരക്ക് അനുഭവപ്പെടുന്ന അത്യാഹിതവിഭാഗത്തിൽ ഡോക്ടർമാരുടെ കുറവ് ഗൗരവതരമാണ്.
സ്ഥിരം ഉൾപ്പെടെ മുമ്പ് ആവശ്യത്തിന് ഡോക്ടർമാർ ഈ വിഭാഗത്തിലുണ്ടായിരുന്നു. എല്ലാവിഭാഗത്തിലുമായി പതിനഞ്ചിലധികം ഡോക്ടർമാരുടെ സേവനം അത്യാഹിതത്തിൽ ലഭിച്ചിരുന്നു. എന്നാൽ താൽക്കാലിക നിയമനത്തിലുണ്ടായിരുന്ന ഭൂരിഭാഗം ഡോക്ടർമാരും മറ്റ് ആശുപത്രികളിലേക്ക് പോയതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഈ കുറവ് പരിഹരിക്കാൻ ആരോഗ്യവകുപ്പിനോ ആശുപത്രി മാനേജ്മന്റെ് കമ്മിറ്റിക്കോ കഴിഞ്ഞിട്ടില്ല.
താൽക്കാലികമായി എടുക്കുന്ന ഡോക്ടർമാർക്ക് എച്ച്.എം.എസിയാണ് വേതനം നൽകുന്നത്. ആകർഷണീയമായ വേതനം ഇല്ലാത്തത് കാരണം ജോലി ഉപേക്ഷിച്ചുപോയ ഡോക്ടർമാരുമുണ്ട്. ഹൈടെക് ആശുപത്രിയായതോടെ വൈദ്യുതി ചാർജ് അടക്കം ഭീമമായി ചെലവ് ഉയർന്നതിനനുരിച്ച് വരുമാനവർധനയില്ല. ഇതുകാരണം ആകർഷകമായ വേതനം നൽകാൻ എച്ച്.എം.സിക്ക് കഴിയുന്നില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. താൽക്കാലിക ഡോക്ടർമാർക്കായി രണ്ടുതവണ അപേക്ഷ ക്ഷണിച്ചെങ്കിലും ആരും എത്തിയില്ല.
ഇപ്പോൾ ഒ.പിയിൽ സേവനം ചെയ്യേണ്ട ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത്. ഇതുകാരണം ഒ.പിയിൽ എത്തുന്ന രോഗികൾക്കും സമയത്തിന് ചികിത്സ ലഭിക്കുന്നില്ല. ഡോക്ടർമാരുടെ കുറവ് ആശുപത്രി അധികൃതർ ആരോഗ്യവകുപ്പ് അധികൃതരെ ഉൾപ്പെടെ പലതവണ അറിയിച്ചിട്ടും ഫലമുണ്ടായില്ല.
പുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ അടിയന്തരമായി ഹൃദ്രോഗ വിദഗ്ധനെ നിയമിക്കുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പും പാലിച്ചില്ല. രണ്ടുവർഷം മുമ്പ് ഇവിടെ കാർഡിയോളജി വിഭാഗം ആരോഗ്യവകുപ്പ് അനുവദിച്ചിരുന്നു. ഇതിനാവശ്യമായ സംവിധാനവും ആശുപത്രിയിൽ ഒരുക്കി. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ ഡോക്ടർ എത്തിയില്ല. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് കഴിഞ്ഞ നവംബറിൽ ഉത്തരവ് ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇക്കഴിഞ്ഞ നവംബർ 13ന് ആശുപത്രിയിൽ എത്തിയ മന്ത്രി വീണാ ജോർജിനോട് പി.എസ്. സുപാൽ എം.എൽ.എ അടക്കം ഇത് ചൂണ്ടിക്കാട്ടി. വർക്കിങ് അറേഞ്ച്മെൻറിൽ ഡോക്ടറെ ഉടൻ നിയമിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ഒപ്പമുണ്ടായിരുന്ന വകുപ്പ് ഉന്നതഅധികൃതർക്ക് ഇതിനുള്ള നിർദേശവും അപ്പോൾത്തന്നെ മന്ത്രി നൽകി. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും ഇവിടെ ഡോക്ടർ എത്തിയില്ല. ദിവസവും നിരവധി ആളുകളാണ് പെട്ടെന്നുള്ള ആഘാതം ഉൾപ്പെടെ ഹൃദ്രോഗചികിത്സക്ക് ഇവിടെ എത്തുന്നത്. പ്രാഥമിക ചികിത്സ നൽകി മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടുകയാണ് പതിവ്. ഈ ആശുപത്രിയിൽ എത്തിയിട്ടും മതിയായ ചികിത്സ സമയത്തിന്കിട്ടാതെ ജീവൻ വെടിഞ്ഞ പലരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.