തിരുവനന്തപുരം: തിരക്ക് കണക്കിലെടുത്ത് കേരളത്തിന് മതിയായ സ്പെഷൽ ട്രെയിൻ അനുവദിക്കാതെ ഓണക്കാലത്തും റെയിൽവേ തത്കാൽ കൊള്ളക്ക്. എറണാകുളം-ചെന്നൈ റൂട്ടിലും കൊച്ചുവേളി-ബംഗളൂരു റൂട്ടിലും മൂന്നു ട്രെയിൻ വീതമാണ് ഇതുവരെ അനുവദിച്ചത്. ജൂലൈ 30ന് റിസർവേഷൻ ആരംഭിച്ച ഇവയിലെല്ലാം ടിക്കറ്റ് കാലിയായിക്കഴിഞ്ഞു. ബംഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽനിന്നടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് ഓണക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റിന് കാത്തുനിൽക്കുന്നത്.
സ്ഥിരം ട്രെയിനുകളിൽ ഈ ദിവസങ്ങളിലെ ടിക്കറ്റ് നേരത്തേ തന്നെ ‘വെയിറ്റിങ് ലിസ്റ്റിൽ’ ആയിക്കഴിഞ്ഞു. ഓണക്കാല തിരക്കിൽ കണ്ണുവെച്ച് ടിക്കറ്റ് ചവിട്ടിപ്പിടിച്ചുള്ള ഓൺലൈൻ പൂഴ്ത്തിവെപ്പാണ് ഇതിനു പിന്നിലെന്ന ആരോപണം ശക്തമാണ്. തത്കാൽ ദിവസങ്ങളിലേതിനെക്കാൾ കൂടുതൽ വിലക്ക് ഓണക്കാലത്ത് ടിക്കറ്റ് വിൽക്കാമെന്നതാണ് കാരണം. തത്കാലിനായി നീക്കിവെക്കുന്നതിൽ തന്നെ 50 ശതമാനം സാദാ തത്കാലും ബാക്കി പ്രീമിയം തത്കാലുമാണ്. പ്രീമിയം തത്കാലിൽ വിമാന ടിക്കറ്റുകളുടേത് മാതൃകയിൽ ഓരോ 10 ശതമാനം കഴിയും തോറും നിരക്ക് വർധിക്കും.
മംഗളൂരുവിലേക്കുള്ള ട്രെയിനുകളിൽ അധിക കോച്ചുകളനുവദിച്ച് തിരക്ക് പരിഹരിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. മുൻ സാമ്പത്തിക വർഷത്തെ ഓരോ ക്ലാസിലെയും താമസ സൗകര്യങ്ങളുടെ ലഭ്യതയും ഉപയോഗ രീതിയും കണക്കിലെടുത്ത് വിവിധ ക്ലാസുകളിലെ തത്കാൽ ക്വോട്ട അതത് സോണുകളാണ് നിശ്ചയിക്കുന്നത്.
മറ്റു നഗരങ്ങളെ അപേക്ഷിച്ച് ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കാണ് യാത്രക്കാരുടെ തിരക്കേറെ. എട്ടു ലക്ഷത്തിലേറെ മലയാളികൾ ഇവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരിൽ കുറഞ്ഞ ശതമാനം പേർ മാത്രം ഉത്സവസീസണുകളിൽ നാട്ടിലേക്ക് വന്നുപോകുന്നവരാണ്. ഇവർക്കുപോലും യാത്രാസൗകര്യങ്ങളില്ല. മാത്രമല്ല, മുമ്പത്തെക്കാൾ യാത്രാ ആവശ്യകതയും വർധിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പ്രതിദിന വണ്ടികളടക്കം 12 ട്രെയിനാണ് ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്രയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.