തിരുവനന്തപുരം: നിയമസഭയെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസിന് എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടീസ്. നിയമനിർമാണസഭയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റം ചട്ടലംഘനമാണെന്ന് ശ്രദ്ധയിൽപെടുത്തിയപ്പോൾ നൽകിയ മറുപടിയിലാണ് കസ്റ്റംസ് നിയമസഭയെ അവഹേളിച്ചതെന്ന് നോട്ടീസിൽ ആരോപിക്കുന്നു.
നിയമസഭാസമിതിക്ക് നൽകിയ മറുപടി മാധ്യമങ്ങൾക്ക് ചോർത്തിനൽകിയതും അവഹേളനമാണ്. നോട്ടീസിന് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നാണ് കസ്റ്റംസിെൻറ നിലപാട്. നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാകും മറുപടി നൽകുകയെന്നാണ് വിവരം.
കസ്റ്റംസ് ജോയൻറ് കമീഷണർ വസന്ത ഗോപനാണ് നിയമസഭാ സമിതി നോട്ടീസ് നൽകിയിരുന്നത്. രാജു എബ്രഹാം എം.എൽ.എ നൽകിയ കത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി. സ്പീക്കറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. നിയമസഭാ മേൽവിലാസത്തിലായിരുന്നു നോട്ടീസ് ആദ്യം അയച്ചത്. ആദ്യം നൽകിയ നോട്ടീസിലെ ചട്ടലംഘനം നിയമസഭാ സെക്രേട്ടറിയറ്റ് കസ്റ്റംസിെൻറ ശ്രദ്ധയിൽപെടുത്തി. അതിന് നൽകിയ മറുപടിയിലാണ് അവഹേളനമുണ്ടായതത്രെ.
സഭാചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിെച്ചന്ന് നോട്ടീസില്‍ ആരോപിക്കുന്നു. തുടർന്ന് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ മേൽവിലാസത്തിൽ നോട്ടീസ് അയച്ച് അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. നിയമസഭാസമിതിയുടെ നോട്ടീസ് കൈപ്പറ്റിയെങ്കിലും ബംഗാളിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ മറുപടി നൽകാൻ സമയം നീട്ടിനൽകണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.