കന്യാസ്ത്രീ സമരത്തെ പിന്തുണച്ച യൂഹാനോൻ റമ്പാനെതിരെ പ്രതികാര നടപടി

കോലഞ്ചേരി: കന്യാസ്ത്രീ സമരത്തെ പിന്തുണച്ച യൂഹാനോൻ റമ്പാനെതിരെ യാക്കോബായ സഭ നേതൃത്വത്തി​​​െൻറ പ്രതികാര നടപടി. ഇദ്ദേഹത്തെ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കി സഭ മേലധ്യക്ഷൻ ഇഗ്​നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവക്കുവേണ്ടി സഭയുടെ മലങ്കര കാര്യ സെക്രട്ടറി മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത കൽപനയിറക്കി. കത്തോലിക്ക സഭയുടെ സമ്മർദത്തെ തുടർന്ന് സഭയിലെ നാല്​ മെത്രാപ്പോലീത്തമാർ നൽകിയ പരാതിയിലാണ് നടപടി. ഇക്കാര്യം കൽപനയിലും വ്യക്തമാക്കിയിട്ടുണ്ട്.

ബിഷപ് ഫ്രാങ്കോയെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രണ്ടുദിവസം എത്തിയ ഇദ്ദേഹം വേദിയിൽ പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇത്​ നേതൃത്വത്തെ ചൊടിപ്പി​െച്ചന്നാണ് വിവരം. സുപ്രീംകോടതി വിധിയെത്തുടർന്ന് യാക്കോബായസഭ പ്രതിസന്ധിയിലായതോടെ ചർച്ച് ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹത്തി​​​െൻറ നേതൃത്വത്തിൽ പ്രചാരണവും ആരംഭിച്ചിരുന്നു. ബിൽ നടപ്പാക്കുന്നതിലൂടെ പള്ളികൾ നഷ്​ടമാകുന്നത് തടയാനാകുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രചാരണം. ചുരുങ്ങിയ നാളുകൾക്കകം പ്രചാരണം വിശ്വാസികൾക്കിടയിൽ സ്വീകാര്യമാവുകയും ചെയ്തു.

എന്നാൽ, ബിൽ നടപ്പാക്കുന്നത് സ്വകാര്യ സ്വത്ത് സമ്പാദനത്തെയടക്കം ബാധിക്കുമെന്നതിനാൽ സഭയിലെ ചില പ്രമുഖ മെത്രാന്മാർ പ്രചാരണത്തിനെതിരായിരുന്നു. കന്യാസ്ത്രീ സമരത്തിൽ ഇദ്ദേഹം പങ്കെടുത്തതോടെ ഇവർ തന്നെയാണ് നേതൃത്വത്തിന് പരാതി നൽകിയതെന്ന വിവരവും പുറത്തായിട്ടുണ്ട്. സഭയിൽ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെടേണ്ടവർക്കാണ് റമ്പാൻ പദവി നൽകുന്നത്. റമ്പാനെന്നാൽ പ്രാർഥിച്ചിരിക്കേണ്ടവരാണെന്നും പൊതുവേദിയിൽ പ്രസംഗിക്കേണ്ടവരല്ലെന്നുമാണ് ഇദ്ദേഹത്തിന് ലഭിച്ച കൽപനയിൽ പറയുന്നത്.

കൽപനയുടെ ഉത്തരവാദിത്തം മേലധ്യക്ഷനായ പാത്രിയാർക്കീസ് ബാവക്കാണെന്നാണ് സഭ പ്രാദേശിക നേതൃത്വത്തി​​​െൻറ വിശദീകരണം. അതേസമയം, നടപടി സഭക്കുള്ളിൽ വ്യാപക പ്രതിഷേധത്തിന് വഴി​െവച്ചിട്ടുണ്ട്. കുമരകം ആറ്റമംഗലം പള്ളി ഇടവകക്കാരനായ ഇദ്ദേഹം 2014 ആഗസ്​റ്റ്​ ഒന്നിനാണ് റമ്പാനായത്. പിറമാടം ദയറ കേന്ദ്രീകരിച്ചാണ് പ്രവർത്തനം.


നീതിനിഷേധത്തിനെതിരായ പോരാട്ടം തുടരും -യൂഹാനോൻ റമ്പാൻ
കോലഞ്ചേരി: സഭക്ക് വിധേയനായി നിന്നുതന്നെ നീതി നിഷേധങ്ങൾക്കെതിരായ പോരാട്ടത്തിൽ താൻ ഇനിയുമുണ്ടാകുമെന്ന് യൂഹാനോൻ റമ്പാൻ. വിവാദങ്ങളെക്കുറിച്ച് ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തി​​​െൻറ പേരിൽ വൻതോതിൽ സ്വകാര്യ സ്വത്ത് കേന്ദ്രീകരിക്കുന്നതാണ് ‘ഫ്രാങ്കോ’മാർ സൃഷ്​ടിക്കപ്പെടാൻ കാരണം. സഭകളുടെ സ്വത്ത് വിശ്വാസികളുടേതാക്കി മാറ്റുകയെന്നതാണ് ഏക പോംവഴി. ചർച്ച് ആക്ട് നടപ്പാക്കൽ പ്രചാരണങ്ങളുമായി ഇനിയും മുന്നോട്ടുപോകും. നീതിക്കുവേണ്ടി യാചിച്ച കന്യാസ്ത്രീകൾക്കൊപ്പം നിലയുറപ്പിക്കാനേ മനുഷ്യത്വം ഉള്ളവർക്ക് കഴിയൂ. മറയ്​ക്കുള്ളിലിരിക്കുന്ന ഫ്രാങ്കോമാരാണ് സമരത്തോട് ഐക്യപ്പെടുന്നവരെ എതിർക്കുന്നത്. അവരെ സമൂഹം കരുതിയിരിക്കണം. തനിക്കെതിരായ കൽപന പാത്രിയാർക്കീസ് ബാവ അറിഞ്ഞിട്ടുണ്ടെന്ന് കരുതുന്നില്ല. അദ്ദേഹം ലബനാനിലെത്തിയാലുടൻ ത​​​െൻറ ഭാഗം വിശദീകരിച്ച് കത്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Nun strike: Yakobaya Sabha Ban Yuhanon Ramban -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.