അങ്കണവാടിയിലെ പോഷകാഹാര വിതണം: ആനക്കയം ഗ്രാമപഞ്ചായത്തിൽ ക്രമക്കേടെന്ന് റിപ്പോർട്ട്

കോഴിക്കോട് :അങ്കണവാടിയിലെ പോഷകാഹാര വിതണത്തിൽ മലപ്പുറം ആനക്കയം ഗ്രാമപഞ്ചായത്തിൽ ക്രമക്കേടെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. സപ്ലൈക്കോയെ ഒഴിവാക്കി ഉയർന്ന വിലക്ക് ഭക്ഷ്യധാന്യങ്ങൾ വാങ്ങിയതിൽ സർക്കാരിന് 4,58,388 രൂപ നഷ്ടം സംഭവിച്ചുവെന്ന് പരിശോധനയിൽ കണ്ടെത്തി. 2017 ജൂൺ മുതൽ 2018 മാർച്ച് വരെയുള്ള കാലയളവിൽ അഗ്രിക്കൾച്ചറൽ ആൻഡ് ജനറൽ മാർക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖേന സപ്ലൈക്കോ നിരക്കിനേക്കാൾ ഉയർന്ന നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തിയ ഇനത്തിലാണ് 4,58,288 രൂപ നഷ്ടമായത്.

ഭക്ഷ്യവസ്തുക്കൾ മലബാർ അഗ്രിക്കൾച്ചറൽ സൊസൈറ്റിയിൽ നിന്നും വാങ്ങുന്നതിന് പകരം സപ്ലൈക്കോ മുഖേന വാങ്ങി വിതരണം നടത്തുന്നതിന് ഭരണസമിതി അംഗീകാരം നൽകണമെന്ന നിർദേശത്തോടെയാണ് ഐ.സി.ഡി.എസ് സൂപ്പർവൈസർ 2017-ജനുവരി 12ന് പഞ്ചായത്ത് സമിതിക്ക് റിപ്പോർട്ട് നൽകിയത്. എന്നാൽ, പഞ്ചായത്ത് ഭരണ സമിതി ഇത് പരിഗണിക്കാതെ ഭക്ഷ്യ വസ്തുക്കളുടെ വിതരണാവകാശം അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് നൽകുന്നതിന് തീരുമാനമെടുത്തു.

ഏകപക്ഷീയമായി മലബാർ അഗ്രിക്കൾച്ചറൽ സൊസൈറ്റിക്കു വേണ്ടി തീരുമാനമെടുത്ത പഞ്ചായത്ത് സമിതിക്കും കരാർ വ്യവസ്ഥ പാലിക്കുന്നതിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർക്കും തുല്യമായ വീഴ്ച സംഭവിച്ചു. അതിനാൽ സർക്കാരിന് നഷ്ടമായ തുക ഈടാക്കുന്നതിനുള്ള നടപടികൾ ആനക്കയം ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ്. സൂപ്പർവൈസർ സ്വീകരിക്കണെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

സംഘത്തിൽനിന്നും തുക ഈടാക്കാൻ സാധിക്കാത്തപക്ഷം ഈ തുക പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥയായിരുന്ന ഐ.സി.ഡി.എസ്. സൂപ്പർവൈസർ സി. പാത്തുമ്മയുടെയും ആനക്കയം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ അനുകൂലമായ തീരുമാനമെടുത്ത ഭരണസമിതി അംഗങ്ങളുടെയും തൂല്യബാധ്യതയായി നിശ്ചയിച്ച് ഈടാക്കുന്നതിനു ഭരണവകുപ്പ് നടപടികൾ സ്വീകരിക്കണെന്നും റിപ്പോർട്ടിൽ നിർദേശിച്ചു.

മലബാർ അഗ്രിക്കൾച്ചറൽ സഹകരണസംഘത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചും വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തതിലൂടെ സർക്കാറിനു സംഭവിച്ച നഷ്ടം സംബന്ധിച്ചും ഇതിൽ ഭരണസമിതി അംഗങ്ങളുടെയുൾപ്പടെയുള്ള പങ്കാളിത്തം സംബന്ധിച്ചും വിജിലൻസ് അന്വേഷണത്തിനാവശ്യമായ നടപടികൾ ഭരണവകുപ്പ് സ്വീകരിക്കണെന്നാണ് റിപ്പോർട്ടിലെ മറ്റൊരു ശിപാർശ.

ആനക്കയം ഗ്രാമപഞ്ചായത്തിനു കീഴിലെ അങ്കണവാടികളിലേക്ക് പൂരകപോഷകാഹാരങ്ങൾ ചേലേമ്പ്രയിലുള്ള മലബാർ അഗ്രിക്കൾച്ചറൽ ജനറൽ മാർക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖേന വാങ്ങുന്നതിൽ ക്രമക്കേടുകളുണ്ടെന്ന പരാതിയിലെ ആരോപണം സംബന്ധിച്ചാണ് പരിശോധന നടത്തിയത്. ആനക്കയം ഗ്രാമ പഞ്ചായത്ത് കെട്ടിടത്തോട് ചേർന്നുള്ള സപ്ലൈകോ ഔട്ട് ലെറ്റിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വാങ്ങാതെയാണ് ചേലേമ്പ്രയിലുള്ള മലബാർ സൊസൈറ്റിയിൽനിന്നും കൂടിയ വിലക്ക് വാങ്ങിയത്. ഇതിലൂടെ വൻ സമ്പത്തിക ബാധ്യത വരുത്തുന്നതായി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി ലഭിച്ചതിനെത്തുടർന്ന് മാവേലി സ്റ്റോറിൽ നിന്നും വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഐ.സി.ഡി.എസ് സൂപ്പർവൈസർക്ക് നിർദേശം നൽകി. തുടർന്ന് 2018 ഒക്ടോബർ മുതൽ മാവേലി സ്റ്റോറിൽ നിന്നുമാണ് ആനക്കയം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഭക്ഷ്യധാന്യങ്ങൾ വാങ്ങിയത്.

അഗ്രികൾച്ചറൽ സഹകരണസംഘത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി. ചേലേമ്പ്ര ആസ്ഥാനമായി രജിസ്റ്റർ ചെയ്ത ഈ സംഘത്തിന് രജിസ്ട്രേഡ് ഓഫീസ് ഇല്ലെന്ന് 2018 ൽ തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യുന്നതിന് സംഘത്തിന്റെ കിഴിൽ നേരിട്ട് നടത്തുന്ന പ്രൊവിഷൻ സ്റ്റോർ ഉണ്ടായിരുന്നില്ല. സ്വകാര്യ സ്ഥാപനത്തിൽനിന്നും ഭക്ഷ്യധാന്യങ്ങൾ വാങ്ങി വിതരണം ചെയ്യുകയായിരുന്നു എന്നും അസിസ്റ്റന്റ് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തു. ഈ സ്ഥാപനത്തിന് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗൽ ട്രോളജി എന്നിവയുടെ ലൈസൻസ് ലഭ്യമാക്കിയിട്ടില്ല.

2017-18 സാമ്പത്തിക വർഷത്തിൽ ആനക്കയം ഗ്രാമപഞ്ചായത്തുകളിലെ അംഗനവാടികൾക്ക് പുറമെ മൊറയൂർ, പൂക്കോട്ടൂർ തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളിലും ഈ സംഘം ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തിരുന്നു. ഈ സഹകരണസംഘം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിന് കരാർ ഏറ്റെടുത്തത് ദുരുദ്ദേശപരമായിരുന്നുവെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി. ഈ സൊസൈറ്റിക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനായുള്ള വിവിധ ലൈസൻസുകൾ, ഭൗതിക സൗകര്യങ്ങൾ തുടങ്ങിയവയുണ്ടോ എന്ന് പരിശോധിക്കാതെയാണ് ആനക്കയം ഗ്രാമപഞ്ചായത്ത് കരാറിൽ ഏർപ്പെട്ടതെന്നും പരിശോധനയിൽ കണ്ടെത്തി.

Tags:    
News Summary - Nutritional sowing in Anganwadi: Report of disorder in Anakayam Gram Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.