തിരുവനന്തപുരം: മെഡിക്കൽ/ ഡെൻറൽ കോഴ്സുകളിൽ അഖിലേന്ത്യ ക്വോട്ടയിൽ ഒ.ബി.സിക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്കും (ഇ.ഡബ്ല്യു.എസ്) സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിലൂെട സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ 86 എം.ബി.ബി.എസ് സീറ്റുകൾ സംവരണത്തിലേക്ക് മാറും.
ഇതിൽ 63 സീറ്റുകൾ ഒ.ബി.സി വിഭാഗത്തിനും 23 സീറ്റുകൾ ഇ.ഡബ്ല്യു.എസ് സംവരണത്തിനും ലഭിക്കും. സംസ്ഥാനത്തെ പത്ത് സർക്കാർ മെഡിക്കൽ കോളജുകളിൽനിന്നായി 231 സീറ്റുകളാണ് അഖിലേന്ത്യ ക്വോട്ടയിലേക്ക് നൽകുന്നത്. ഇതിൽനിന്നായിരിക്കും 27 ശതമാനം ഒ.ബി.സി സംവരണത്തിനായി 63 സീറ്റുകൾ അനുവദിക്കുക. പത്ത് ശതമാനം ഇ.ഡബ്ല്യു.എസ് സംവരണത്തിനായി 23 സീറ്റുകളും.
നിലവിൽ അഖിലേന്ത്യ ക്വോട്ടയിലേക്ക് സർക്കാർ മെഡിക്കൽ കോളജുകളിൽനിന്ന് നൽകുന്ന സീറ്റുകളിൽ ഒ.ബി.സി, ഇ.ഡബ്ല്യു.എസ് സംവരണമില്ല. എസ്.സി വിഭാഗത്തിന് 15 ശതമാനവും എസ്.ടി വിഭാഗത്തിന് 7.5 ശതമാനവും സംവരണം അനുവദിക്കുന്നുണ്ട്. സംസ്ഥാനത്തെ ആറ് സർക്കാർ ഡെൻറൽ കോളജുകളിൽനിന്ന് 45 ബി.ഡി.എസ് സീറ്റുകളാണ് അഖിലേന്ത്യ ക്വോട്ടയിേലക്ക് നൽകുന്നത്.
പുതിയ സംവരണത്തോടെ ഇതിൽ 12 സീറ്റുകൾ ഒ.ബി.സിക്ക് ലഭിക്കും. അഞ്ച് സീറ്റുകൾ ഇ.ഡബ്ല്യു.എസിനും. അഖിലേന്ത്യ ക്വോട്ടയിൽ പ്രവേശനം നൽകുന്ന എയിംസ്, ജിപ്മെർ ഉൾപ്പെടെ കേന്ദ്ര സ്ഥാപനങ്ങളിലും കേന്ദ്ര സർവകലാശാലകൾക്ക് കീഴിലുള്ള മെഡിക്കൽ കോളജുകളിലും നിലവിൽ ഒ.ബി.സിക്ക് 27 ശതമാനവും ഇ.ഡബ്ല്യു.എസിന് പത്ത് ശതമാനവും സംവരണം അനുവദിക്കുന്നുണ്ട്. എന്നാൽ, വിവിധ സംസ്ഥാനങ്ങളിലെ 289 സർക്കാർ മെഡിക്കൽ കോളജുകളിൽനിന്ന് അഖിലേന്ത്യ ക്വോട്ടയിേലക്ക് നൽകുന്ന 15 ശതമാനം സീറ്റുകളുടെ അലോട്ട്മെൻറിൽ ഒ.ബി.സി, ഇ.ഡബ്ല്യു.എസ് സംവരണം അനുവദിക്കുന്നുണ്ടായിരുന്നില്ല. അഖിലേന്ത്യ ക്വോട്ടയിലും സംവരണം വേണമെന്നത് പിന്നാക്ക സമുദായങ്ങൾ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 240ഒാളം സർക്കാർ മെഡിക്കൽ കോളജുകളിലെ 36,500ൽ പരമുള്ള എം.ബി.ബി.എസ് സീറ്റുകളിൽനിന്ന് 5500ഒാളം സീറ്റുകളാണ് അഖിലേന്ത്യ ക്വോട്ടയിലേക്ക് വിട്ടുനൽകുന്നത്. പുതിയ സംവരണത്തിലൂടെ ഇതിെൻറ 27 ശതമാനം എന്ന നിലയിൽ 1500ഒാളം സീറ്റുകൾ ഒ.ബി.സി വിഭാഗങ്ങൾക്കും ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 550ഒാളം സീറ്റുകളും ലഭിക്കും.
50 ശതമാനം സീറ്റുകൾ അഖിലേന്ത്യ ക്വോട്ടയിൽ നികത്തുന്ന മെഡിക്കൽ പി.ജി കോഴ്സുകളിൽ പുതിയ സംവരണത്തിലൂടെ ഒ.ബി.സി വിഭാഗത്തിന് രാജ്യത്താകെ 2500ഉം ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് ഏകദേശം ആയിരത്തോളം സീറ്റുകളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.