ഉദ്യോഗസ്ഥ അനാസ്ഥ: ആദിവാസി ഊരുകളിലെ സംരക്ഷണ ഭിത്തിയുടെ ഫണ്ട് ചെലവഴിച്ചില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട്: പട്ടികവർഗ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ആദിവാസി ഊരുകളിലെ സംരക്ഷണ ഭിത്തി നിർമാണത്തിന് 2019ൽ അനുവദിച്ച ഫണ്ട് ചെലവഴിച്ചില്ലെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. പത്തനംതിട്ട ചിറ്റാർ വില്ലേജിലെ റാന്നി ട്രൈബൽ ഓഫിസിന്റെ പരിധിയിലുള്ള കൊടുമുടി, പാമ്പിനി എന്നീ ഊരുകളിൽ താമസിക്കുന്ന ആദിവാസികളുടെ വീടുകൾക്ക് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനാണ് 18 ലക്ഷം രൂപ അനുവദിച്ചത്.

റാന്നി ട്രൈബൽ ഓഫിസർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ അനാസ്ഥ കാരണം 2019 ഫെബ്രുവരി 14ന് തുക അനുവദിച്ചിട്ട് 2021-22 സാമ്പത്തിക വർഷത്തിലും നിർമാണം നടന്നിട്ടില്ല. ആദിവാസി ഊരുകളിലെ 14 വീടുകളുടെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനാണ് തുക അനുവദിച്ചത്. എന്നാൽ, ഈ പണം ഉപയോഗിച്ച് വീടിന് സംരക്ഷണ ഭിത്തി നിർമ്മിക്കാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചില്ല.

2019 മെയ് ആറിന് തുക തിരിച്ച് അയക്കുകയും ചെയ്തു. ലഭിക്കേണ്ട ന്യായമായ ആനുകൂല്യം നിഷേധിച്ച ഗ്രാമപഞ്ചായത്തിന്റെ അനീതിക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുകയും വീടിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിനായി സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് ആദിവാസികൾ പരാതിയിൽ ആവശ്യപ്പെട്ടത്.

പരിശോധനയിൽ പഞ്ചായത്തിലെ വാർഷിക പദ്ധതിയുമായി സംയോജിപ്പിച്ച് പഞ്ചായത്തിന്റെ അറിവോടെ ഗുണഭോക്താക്കളുടെ വീടിന്റെ സംരക്ഷണ ഭിത്തി നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി വർഷാരംഭത്തിൽ അംഗീകാരം വാങ്ങി സമയബന്ധിതമായി പദ്ധതി കൈമാറുന്നതിൽ ഉദ്യോഗസ്ഥർ അനാസ്ഥ കാണിച്ചു. ഊരുകൂട്ടം തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ വീടുകൾക്ക് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനു വകയിരുത്തിയ കോർപസ് ഫണ്ട് സമയബന്ധിതമായി നിർവഹണ ഏജൻസിക്ക് കൈമാറിയില്ല.

ആദിവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാൻ ചുമതലയുള്ള ട്രൈബൽ ഓഫിസർ ഉൾപ്പടെയുള്ള ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായിയെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഒടുവിൽ പദ്ധതിക്കായി അനുവദിച്ച തുക പിൻവലിച്ച് ഗ്രാമപഞ്ചായത്തിന്റെ പേരിലുള്ള കേരള ഗ്രാമീൺ ബാങ്കിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനായി ട്രഷറിയിൽ ബിൽ സമർപ്പിച്ചു. എന്നാൽ, സർക്കാർ അനുമതിയോടുകൂടി മാത്രമേ തുക പിൻവലിക്കാൻ സാധിക്കുകയുള്ളൂവെന്ന് സൂചിപ്പിച്ച് റാന്നി പെരുനാട് സബ് ട്രഷറിയിൽ നിന്നും ബില്ല് മടക്കി.

ചുരുക്കത്തിൽ വിഭാവനം ചെയ്ത പദ്ധതി ലക്ഷ്യം കൈവരിക്കാതെ ഫണ്ട് നഷ്ടമായെന്നാണ് രേഖകളുടെ പരിശോധനയിൽ നിന്നും വ്യക്തമായത്. നടപ്പ് സാമ്പത്തികവർഷത്തിൽ പദ്ധതി പൂർത്തീകരിക്കുന്നതിന് ഭരണ വകുപ്പ് തലത്തിൽ കർശന നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.

Tags:    
News Summary - Official negligence: Report of non-spent funds for protective wall in tribal villages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.