കണ്ണൂർ: റോഡ് വീതികൂട്ടാനായി മുറിച്ച മരങ്ങൾ 'മുക്കി' പൊതുമരാമത്ത് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ തട്ടി. കണ്ണപുരം - അതിയടം - പരിയാരം മെഡിക്കൽ കോളജ് - ചന്തപ്പുര റോഡിനായി മുറിച്ച 82 മരങ്ങളാണ് ഉദ്യോഗസ്ഥർ സ്വന്തമാക്കിയത്. ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണം തുടങ്ങി. വെട്ടിപ്പ് നടത്തിയ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം മാടായി, കണ്ണൂർ സെക്ഷനുകളിലെ ഉദ്യോഗസ്ഥർക്കെതിരായ തെളിവുകൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്.
ഏതാനും ഉദ്യോഗസ്ഥരിൽനിന്നും മരം കടത്തിയവരിൽനിന്നും വിജിലൻസ് ഇതിനകം മൊഴി രേഖപ്പെടുത്തി. റോഡരികിൽനിന്ന് മുറിച്ചുമാറ്റേണ്ട മരങ്ങൾക്ക് കണക്കാക്കിയ അടിസ്ഥാന വില 5,85,000 രൂപയാണ്. മരങ്ങൾ ലേലം ചെയ്ത് വിൽപന നടത്തി കിട്ടുന്ന തുക സർക്കാറിലേക്ക് മുതൽക്കൂട്ടുകയാണ് ഉദ്യോഗസ്ഥർ ചെയ്യേണ്ടത്. ലേലം നടന്നാൽ അടിസ്ഥാന വിലയേക്കാൾ കൂടിയ വില കിട്ടാറുമുണ്ട്. എന്നാൽ, ഉദ്യോഗസ്ഥർ ലേലം നടത്തുകയോ പണം സർക്കാറിലേക്ക് അടക്കുകയോ ചെയ്തില്ല. മരങ്ങൾ മുഴുവൻ മുറിച്ചുകടത്തുകയും ചെയ്തു.
2018ൽ തുടങ്ങിയ റോഡുപണി പൂർത്തിയായിട്ടും മരം വിൽപന നടത്തിയ തുക സർക്കാറിന് ലഭിച്ചിട്ടില്ലെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്. പ്രാഥമികാന്വേഷണത്തിൽതന്നെ വെട്ടിപ്പ് ബോധ്യമായി. റോഡിനായി മുറിച്ച മരങ്ങൾ സ്വകാര്യ മില്ലുകളിലേക്ക് കടത്തിയതായും കണ്ടെത്തി. എന്നാൽ, മരം കൊണ്ടുപോയവർ സർക്കാറിന് പണം നൽകിയില്ല. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി അതിനേക്കാൾ വലിയ തുകക്കുള്ള മരങ്ങൾ കടത്തുകയാണ് ഉണ്ടായതെന്നാണ് വിജിലൻസിന് ലഭിച്ച വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.