1. വീടിന്‍റെ മതിൽ തകർത്ത് വരുന്ന കാട്ടാന 2. കൊല്ലപ്പെട്ട അജീഷ്

മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; നിരോധനാജ്ഞ

മാനന്തവാടി: വയനാട്ടിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയിൽ അജീഷ് (47) ആണ് കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സുഹൃത്തിന്‍റെ വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാന അജിയെ ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. പണിക്കാരെ വിളിക്കാൻ പോയ അജിക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഉടൻ തന്നെ അയൽവാസിയായ കണ്ടത്തിൽ ജോമോന്‍റെ വീടിന്‍റെ മതിൽ അജി അടക്കമുള്ളവർ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിന് പിന്നാലെ മതിൽ തകർത്ത് മുറ്റത്തെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. 

കർണാടകയിലെ റോഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയാണ് ജനവാസകേന്ദ്രത്തിൽ ഇറങ്ങിയത്. താന്നിക്കൽ മേഖലയിലാണ് ആനയുടെ സാന്നിധ്യം റോഡിയോ കോളർ സന്ദേശം വഴി ആദ്യം സ്ഥിരീകരിച്ചത്. നിലവിൽ മാനന്തവാടിക്കടുത്ത് ഒണ്ടേങ്ങാടി 54 ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാനയുള്ളത്.

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെതോടെ വനപാലകർക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ ആശുപത്രി പരിസരത്ത് തടിച്ചുകൂടുന്നുണ്ട്. കാട്ടാന മതിൽ തകർക്കുന്നതിന്‍റെയും ആളുകളെ ആക്രമിക്കുന്നതിന്‍റെയും സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നിരോധനാജ്ഞ പ്രഖ്യാപിച്ചു

റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ സാന്നിധ്യം തുടരുന്ന സാഹചര്യത്തിൽ മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂല, കുറുവ, കാടൻ കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Tags:    
News Summary - One person was killed in a wild elephant attack in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.