കൊല്ലം: തെങ്ങുകയറ്റക്കാർക്കായുള്ള നാളികേരവികസന ബോർഡിന്റെ കാൾസെന്റർ അടുത്തമാസം മുതൽ. തേങ്ങയിടാനുള്ള ആൾ ക്ഷാമത്തിന് പരിഹാരമായാണ് ബ്ലോക്ക് തലത്തിൽ കാൾ സെന്റർ വരുന്നത്. കേന്ദ്ര സർക്കാറിന് കീഴിലുള്ള നാളികേരവികസന ബോർഡിന്റെ കൊച്ചി ഓഫിസ് കേന്ദ്രീകരിച്ചാണ് പ്രവർത്തന നിയന്ത്രണം.
നാളികേര ഉൽപാദനം കൂടുതലുള്ള കേരളം, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം സേവനം ലഭ്യമാകും വിധമാണ് സെന്ററിന്റെ പ്രവർത്തനം. കേരളത്തിൽ 700ഓളം പേരും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ 350 പേർ വീതവും ആന്ധ്രയിൽ 250 പേരുമാണ് പേര് രജിസ്റ്റർ ചെയ്തത്. രാജ്യവ്യാപകമായി നാളികേര വികസന ബോർഡിന്റെ നേതൃത്വത്തിൽ 66,000 പേർക്ക് തെങ്ങുകയറ്റം, തെങ്ങുസംരക്ഷണം, കീടനിയന്ത്രണം എന്നിവയിൽ പരിശീലനം നൽകി.
കേരളത്തിൽ മാത്രം 30,000ത്തിലധികം പേർ പരിശീലനം നേടി. സൊസൈറ്റികൾ, നാളികേര ഉൽപാദക ഫെഡറേഷനുകൾ, കൃഷിഭവനുകൾ, കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ എന്നിവിടങ്ങൾ വഴിയായിരുന്നു പരിശീലനം. പരിശീലനം പൂർത്തിയായവർക്ക് സൗജന്യമായി തെങ്ങുകയറ്റ യന്ത്രങ്ങളും നൽകി. ഇവരുടെ പേരുവിവരങ്ങൾ വെബ്സൈറ്റിൽ.
എന്നാൽ, പരിശീലനം ലഭിച്ചവരിലധികവും കാലക്രമേണ മറ്റു തൊഴിൽ മേഖലകളിലേക്കും വിദേശത്തേക്കും ചേക്കേറിയതോടെ വീണ്ടും തെങ്ങുകയറാൻ ആളെ കിട്ടാതായി. വിലത്തകർച്ച അടക്കം പലകാരണത്താൽ കേരളത്തിൽ കർഷകർ ധാരാളമായി തെങ്ങുകൃഷി ഉപേക്ഷിക്കുന്ന സാഹചര്യം ഉടലെടുത്തതും ഈ മേഖലയിൽ തൊഴിലെടുക്കാൻ ആളെ കിട്ടാത്തതിന്റെ മറ്റൊരു കാരണമാണ്. ഇതിനു പരിഹാരമായാണ് ഇപ്പോൾ കാൾ സെന്റർ സംവിധാനം കൊണ്ടുവന്നത്. മുമ്പ് പരിശീലനം നേടി ഇപ്പോഴും ജോലി തുടരുന്നവരുടെ വിവരം ശേഖരിച്ചും താൽപര്യമുള്ളവരുടെ പേര് രജിസ്റ്റർ ചെയ്തുമാണ് കാൾസെന്ററിന്റെ പ്രവർത്തനം.
ബ്ലോക്ക് തലത്തിൽ ഇവരെ ഏകോപിപ്പിക്കാൻ കരാറടിസ്ഥാനത്തിൽ ജോലിക്കാരെ നിയമിക്കുന്ന നടപടി പുരോഗമിക്കുന്നതായും കാൾസെന്റർ വന്നാൽ കൂടുതൽ പേർ ഈ മേഖലയിലേക്ക് വരുമെന്നുമാണ് പ്രതീക്ഷയെന്ന് നാളികേരവികസന ബോർഡ് അസി.ഡയറക്ടർ മിനി മാത്യു ‘മാധ്യമ’ത്തോട് പറഞ്ഞു. ബിഹാർ, പശ്ചിമബംഗാൾ, ഒഡിഷ, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലും ബോർഡിന്റെ നേതൃത്വത്തിൽ തെങ്ങുകയറ്റ പരിശീലനം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.