നായാട്ടുസംഘത്തി​െല ഒരാൾ വെടിയേറ്റ്​ മരിച്ചു; മൃതദേഹം കണ്ടെത്തിയത്​ സ്വകാര്യ ഏലം എസ്​റ്റേറ്റിൽ

വണ്ടിപ്പെരിയാർ (ഇടുക്കി): നായാട്ടുസംഘത്തിൽപെട്ടയാളെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പെരിയാർ 55-ാം മൈൽ രാജമുടി കല്ലുമടയിൽ കുട്ടൻ ഷാജി എന്ന ഷാജിയാണ്​ (48) മരിച്ചത്. രാജമുടിയിലെ സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാജിയുടെ നെഞ്ചിന്​ മുകളിൽ വെടിയേറ്റിരുന്നു. ചീളുകൾ തെറിച്ച് മുഖത്തും മുറിവേറ്റിട്ടുണ്ട്.

മൃതദേഹത്തിന്​ സമീപം​ വലതുഭാഗത്ത് നാടൻ തോക്കുമുണ്ടായിരുന്നു. നായാട്ടിന് കൂടെയുണ്ടായിരുന്നവരിൽ ആരെങ്കിലും വെടിയുതിർക്കുകയോ അബദ്ധത്തിൽ അപകടം സംഭവിച്ചതോ ആകാമെന്നാണ്​ പൊലീസി​​​െൻറ പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന്​ ലഭിച്ച തോക്കിൽനിന്ന്​ സ്വയം നിറയൊഴിച്ചാൽ ഇത്തരത്തിലെ അപകടത്തിന് സാധ്യത കുറവാണ്​. അതേസമയം, ഏറ്റുമുട്ടൽ സാധ്യതയും ദുരൂഹതയും പരിശോധിക്കുമെന്നും പ്രതികളെ കണ്ടെത്തു​മെന്നും ​പൊലീസ്​ അറിയിച്ചു.

സംഭവം സംബന്ധിച്ച് ഷാജിയുടെ ഭാര്യ ഓമന പറയുന്നതിങ്ങനെ: നെല്ലിമല ജങ്​ഷനിലെ വർക്ക്ഷോപ്പിൽ മെക്കാനിക്കായ ഷാജി ഞായറാഴ്ച അവധിയായതിനാൽ വീട്ടിലുണ്ടായിരുന്നു. പിന്നീട് വണ്ടിപ്പെരിയാർ ടൗണിലേക്ക് പോയപ്പോൾ മൊബൈൽ ഫോൺ വീട്ടിൽ ​െവച്ചാണ് പോയത്. ഈ സമയം ഏലത്തോട്ടത്തി​​​െൻറ ഉടമ മൊബൈൽ ഫോണിൽ വിളിക്കുകയും എവിടെയാണെന്ന് അന്വേഷിക്കുകയും ചെയ്തു. വൈകീട്ട്​ വീട്ടിലെത്തിയ ഷാജി മഴക്കോട്ടും തൊപ്പിയും ധരിച്ച് രാത്രി 7.30ഒാടെ ഏലത്തോട്ടത്തിലേക്ക് പോയി. രാത്രി 8.30നും ഒമ്പതിനും ഇടയിൽ വെടിയൊച്ച കേട്ടിരുന്നു. അധികം വൈകാതെ എസ്​റ്റേറ്റ് ഉടമയുടെ വാഹനം അമിതവേഗത്തിൽ കടന്നുപോയി. 

രാത്രി വൈകിയും ഷാജി എത്താതിരുന്നതിനെ തുടർന്ന് എസ്​റ്റേറ്റ് ഉടമയോട് ഫോണിൽ വിളിച്ചപ്പോൾ ഷാജി നേരത്തേ തിരികെ പോന്നതായാണ് പറഞ്ഞത്. സംഭവത്തിൽ അസ്വാഭാവികത തോന്നിയതിനാൽ ബന്ധുക്കളെ വിവരമറിയിച്ചു. തിരച്ചിലിനിടെ തിങ്കളാഴ്ച രാവിലെ ഷാജിയെ വെടിയേറ്റ് മരിച്ച നിലയിൽ കിടക്കുന്നതാണ്​ കണ്ടത്.

മൃതദേഹം കിടന്നതിന് ഒരു കിലോമീറ്റർ അകലെനിന്ന്​ ചോരക്കറ പുരണ്ട തോർത്ത് ഉപേക്ഷിച്ച നിലയിലും പൊലീസ് കണ്ടെത്തി. ഇതുവഴി ഒഴുകുന്ന കൈത്തോട്ടിലേക്ക് വലിച്ചെറിഞ്ഞ തോർത്ത് ആൽമരക്കൊമ്പിൽ കുരുങ്ങിയതാണ്​. ജില്ല പൊലീസ് മേധാവി ബി. വേണുഗോപാൽ, കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്മോഹൻ, പീരുമേട് സി.ഐ ഷിബുകുമാർ, കോട്ടയം യൂനിറ്റിലെ ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പോസ്​റ്റ്​മോർട്ടം നടപടിക്കായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഷാജിയുടെ ഏകമകൾ: അജിതാമോൾ.

Tags:    
News Summary - one shot dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.