തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒാൺലൈനായി നാമനിർദേശപത്രിക സമർപ്പിക്കാം. തപാൽ വോട്ട് എത്തിക്കാൻ പ്രത്യേക സംഘത്തെയും നിയമിക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ രാഷ്ട്രീയകക്ഷി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നാമനിർദേശപത്രിക സമർപ്പിക്കാനെത്തുമ്പോൾ സ്ഥാനാർഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. പ്രചാരണ ജാഥകൾക്ക് പരമാവധി അഞ്ചു വാഹനങ്ങളാകും അനുവദിക്കുക. ഒരു ജാഥ പൂർത്തിയായി അരമണിക്കൂറിന് ശേഷമേ അടുത്തത് അനുവദിക്കൂ. ഓൺലൈനായി പത്രിക നൽകുന്നവർ അത് ഡൗൺലോഡ് ചെയ്ത് പകർപ്പ് വരണാധികാരിക്ക് നൽകണം. സ്ഥാനാർഥി കെട്ടിവെക്കേണ്ട തുകയും ഓൺലൈനായി അടയ്ക്കാം.
80 വയസ്സ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ എന്നിവർക്ക് തപാൽ വോട്ടിന് സൗകര്യമൊരുക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കി. ഇത്തരക്കാർക്ക് തപാൽ വോട്ട് നേരിട്ടെത്തിക്കാൻ പ്രത്യേക സംഘം രൂപവത്കരിക്കും. തപാൽ വോട്ടിന് ആഗ്രഹിക്കുന്നവർ 12-ഡി ഫോറത്തിൽ അതത് വരണാധികാരിക്ക് അപേക്ഷ നൽകണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതിമുതൽ വിജ്ഞാപനം വന്ന് അഞ്ചുദിവസം വരെ ഇത്തരത്തിൽ തപാൽ വോട്ടിന് അപേക്ഷിക്കാം.
ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം വീടുകളിൽ ഇവ നൽകും. കള്ളവോട്ട് തടയാൻ എല്ലാ സ്ഥലങ്ങളിലും പോളിങ് ഏജൻറുമാർ ഉണ്ടെന്ന് രാഷ്ട്രീയകക്ഷികൾ ഉറപ്പാക്കണം. വോട്ടിങ്ങിന് സാമൂഹിക അകലം പാലിക്കാൻ ആറടി അകലത്തിൽ ജനങ്ങളെ ക്രമീകരിച്ചുള്ള ക്യൂ ഒരുക്കണം. കോവിഡ് സാഹചര്യത്തിൽ ഒരു ബൂത്തിൽ പരമാവധി ആയിരം വോട്ടർമാരാണുണ്ടാകുക. ആയിരത്തിലധികം വോട്ടർമാർ വരുന്ന ബൂത്തുകളിൽ ഓക്സിലറി പോളിങ് സ്റ്റേഷനുകൾ പ്രത്യേകമായി ഏർപ്പെടുത്തും. ഇത്തരത്തിൽ 15,730 അധിക ബൂത്തുകൾ വേണ്ടിവരും.
പ്രചാരണത്തോട് അനുബന്ധിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കുന്നതിലുള്ള അഭിപ്രായവും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ തേടി. നിർദേശത്തോട് പൊതുവിൽ അനുകൂലമായാണ് രാഷ്ട്രീയകക്ഷികൾ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.