തിരുവനന്തപുരം: കേരള കയർ തൊഴിലാളി ക്ഷേമനിധി ബില്ലടക്കം നാല് ബില്ലുകൾ നിയമസഭ പാസാക്കി. 2021 ലെ കേരള കയർ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ, 2021 ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ (ഭേദഗതി) ബിൽ, 2021ലെ കേരള ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്തമാക്കൽ) ബിൽ, കേരള കള്ള് വ്യവസായ വികസന ബോർഡ് ബിൽ എന്നിവയാണ് നിയമസഭ തിങ്കളാഴ്ച പാസാക്കിയത്. ആദ്യത്തെ മൂന്ന് ബില്ലുകൾ വ്യവസായ മന്ത്രി പി. രാജീവും കള്ള് വ്യവസായ വികസന ബോർഡ് ബിൽ എക്സൈസ് മന്ത്രിക്കുവേണ്ടി പി. രാജീവുമാണ് സഭയിൽ അവതരിപ്പിച്ചത്.
ഓർഡിനൻസുകൾക്ക് പകരമായാണ് ബില്ലുകൾ നിയമസഭയിൽ അവതരിപ്പിച്ചത്. കേരളത്തിൽ നിലവിൽ 604 അംഗീകൃത പാറ ക്വാറികളാണ് പ്രവർത്തിക്കുന്നതെന്ന് വ്യവസായ മന്ത്രി പറഞ്ഞു. എന്നാൽ ആറായിരത്തോളം ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഭൂരിഭാഗം ക്വാറികളും അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് പരിശോധനകൾ ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പി. രാജീവ് അറിയിച്ചു.
മൈനിങ് ആൻഡ് ജിയോളജി വകുപ്പിെൻറ പ്രവർത്തനങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ പൂർണമായും ഓൺലൈനിലാക്കും. വകുപ്പിെൻറ എല്ലാ സേവനങ്ങൾക്കും ഇ-ഗവേണൻസ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കയർതൊഴിലാളികളുടെയും സ്വയംതൊഴിൽ എടുക്കുന്നവരുടെയും ക്ഷേമനിധി വിഹിതം അഞ്ച് രൂപയിൽ നിന്ന് 20 രൂപയും സംസ്ഥാന സർക്കാർ വിഹിതം പത്ത് രൂപയുമാക്കി വർധിപ്പിക്കുന്നതാണ് കേരള കയർ തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ. സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാനായി പ്രഖ്യാപിച്ച നടപടികൾക്ക് പ്രാബല്യം നൽകി ഇറക്കിയ ഓർഡിനൻസ് ബില്ലാക്കിയതാണ് സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ബില്ലിലുള്ളത്.
മണ്ണിലെ ധാതുക്കളിന്മേലുള്ള ഉടമസ്ഥാവകാശം സംബന്ധിച്ച് സംസ്ഥാനത്ത് ഏകീകൃത നിയമം നടപ്പാക്കുന്നതിന് കൊണ്ടുവന്ന ഓർഡിനൻസിന് പകരമുള്ള ബില്ലാണ് കേരള ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്തമാക്കൽ) ബിൽ. പഴയകാല മലബാറിൽ മണ്ണിലും അടിമണ്ണിലുമുള്ള ധാതുക്കളുടെ അവകാശം സർക്കാറിൽ നിക്ഷിപ്തമാക്കിയും പഴയ തിരുവിതാംകൂർ, കൊച്ചി പ്രദേശത്തെ മണ്ണിലെ ധാതുക്കളുടെ അവകാശം സർക്കാറിനും മലബാർ പ്രദേശത്ത് ഭൂമിയുടെ ഉടമസ്ഥനും അവകാശം നൽകുന്നത് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
പരമ്പരാഗത കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാനും തൊഴിലും ക്ഷേമപ്രവർത്തനവും ഉറപ്പാക്കാനുമാണ് കള്ള് വ്യവസായ വികസന ബോർഡ് ബില്ലിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.