തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ ആഡംബര ബെൻസ് "കാരവൻ" ഒരുക്കുന്നത് സർക്കാരിന് തന്നെ ബൂമറാങ്ങ് ആവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോടികൾ മുടക്കി ഹെലികോപ്റ്ററിൽ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാൻ ആഡംബര ബെൻസ് കാരവനിൽ എത്തുന്നതിൽ അത്ഭുതമില്ലെന്നും ചെന്നിത്തല പറഞ്ഞു.
പിണറായി വിജയനെ പോലെ ഒരു ഏകാധിപതിക്കെ അങ്ങനെ ചെയ്യാൻ കഴിയൂ. പെൻഷൻ പോലും ലഭിക്കാതെയും വിലക്കയറ്റം മൂലവും ഒരോ ദിവസവും ജനം പൊറുതിമുട്ടുമ്പോൾ കേരളം കാണാൻ സുഖവാസയാത്രയായി എത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജനം എങ്ങനെ സ്വീകരിക്കുമെന്ന് കണ്ട് തന്നെ അറിയണം.
സാധാരണ സിനിമ - വ്യവസായ മേഖലയിലെ പ്രമുഖർ ഉപയോഗിക്കുന്ന വാഹമാണ് ബെൻസ് കാരവൻ. ബസ്സിൽ യാത്ര ചെയ്ത് ജനങ്ങളെ കാണാനാണെങ്കിൽ കെ.എസ്.ആർ.ടി.സിയിലെ ഒരു നല്ല ബസ്സ് ആൾട്ടർ ചെയ്താൽ മതിയായിരുന്നു. അതിന് മുതിരാതെയാണ് മുഖ്യമന്ത്രിയുടെ കോടികൾ ചെലവഴിച്ചുള്ള കാരവനിലെ യാത്ര.
ഖജനാവിൽ പെൻഷൻ പോലും നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ജനങ്ങളോട് അൽപ്പമെങ്കിലും പ്രതിബന്ധത ഉണ്ടെങ്കിൽ കോടികൾ മുടക്കിയുള്ള ആഡംബര യാത്ര വേണ്ടെന്നുവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.