കൊല്ലം: ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകി ഉന്നത നീതിപീഠം കനിഞ്ഞിട്ടും നാട്ടിലെത്തി രോഗബാധിതനായ പിതാവിനെ കാണാനാകാതെ അബ്ദുന്നാസിർ മഅ്ദനി. കോടതി നൽകിയ സമയപരിധി അവസാനിക്കാൻ ഒരുമാസം മാത്രം ശേഷിക്കെ, കർണാടക സർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മഅ്ദനിയും കുടുംബവും. സുരക്ഷ ചെലവുമായി ബന്ധപ്പെട്ട് മുൻ ബി.ജെ.പി സർക്കാറിന്റെ കടുംപിടിത്തത്തെ തുടർന്നാണ് മഅ്ദനിയുടെ യാത്ര അനിശ്ചിതത്വത്തിലായത്.
രോഗബാധിതനായ പിതാവിനെ കാണാനും ചികിത്സക്കുമായി ഏപ്രിൽ 17നാണ് മഅ്ദനിക്ക് നാട്ടിലെത്താൻ സുപ്രീംകോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയത്. കർണാടക പൊലീസിന്റെ സുരക്ഷയിൽ ജൂലൈ എട്ടുവരെ കേരളത്തിൽ തങ്ങാനായിരുന്നു അനുമതി. സുരക്ഷ ചെലവ് മഅ്ദനി തന്നെ വഹിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. 20 ഉദ്യോഗസ്ഥർക്ക് പ്രതിമാസം 20 ലക്ഷം വീതം 82 ദിവസത്തേക്ക് 52 ലക്ഷം രൂപയിലധികം കെട്ടിവെക്കണമെന്നായിരുന്നു കർണാടക പൊലീസിന്റെ ആവശ്യം.
താമസ, ഭക്ഷണ ചെലവുകൾ വേറെയും നൽകണം. വൻതുക നൽകണമെന്ന വ്യവസ്ഥക്കെതിരെ മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ നാട്ടിലേക്ക് വരേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
ഏറ്റവും ഒടുവിൽ 2018 നവംബറിലാണ് മഅ്ദനി നാട്ടിൽ വന്നത്. സുഖമില്ലാതെ കിടപ്പിലായിരുന്ന മാതാവിനെ കാണാനായിരുന്നു അത്. രണ്ടാഴ്ചയാണ് അനുവദിച്ചത്. തിരിച്ചുപോകും മുമ്പ് മാതാവ് മരിക്കുകയും ചെയ്തു.
മകനെ ഒരുനോക്ക് കാണാൻ മൈനാഗപ്പള്ളിയിൽ മനമുരുകി കഴിയുകയാണ് മഅ്ദനിയുടെ രോഗശയ്യയിലുള്ള പിതാവ് അബ്ദുസ്സമദ്. 13 വർഷമായി പക്ഷാഘാതം മൂലം തളർന്ന ശരീരവും മകൻ അനുഭവിക്കുന്ന പീഡനത്തിലുള്ള മനോവേദനയുമായി കഴിയുകയാണ് ഈ വയോധികൻ.
കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ മഅ്ദനിയെ നാട്ടിലെത്തിക്കാൻ ഇടപെടുമെന്ന് എറണാകുളത്ത് മഅ്ദനിയുടെ മകനടക്കം പങ്കെടുത്ത യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു. കോൺഗ്രസ് അധികാരമേറ്റതിനു ശേഷം സർക്കാറിലെ ഉന്നതരെയടക്കം മഅ്ദനിയുടെ ബന്ധുക്കൾ സമീപിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. കുറച്ചുദിവസത്തേക്കെങ്കിലും പിതാവിനെ നാട്ടിൽ കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്ന് മഅ്ദനിയുടെ മകൻ അഡ്വ. സലാഹുദ്ദീൻ അയ്യൂബി ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.