കൽപറ്റ: വയനാട് സ്വദേശിയായ മാവോവാദി നേതാവ് സോമൻ തീവ്രവാദവിരുദ്ധ സേനയുടെ (എ.ടി.എസ്) പിടിയിലായതോടെ ഇനി കേരളത്തിൽ അവശേഷിക്കുന്നത് രണ്ട് മാവോവാദികൾ. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ശനിയാഴ്ച രാത്രി 11ഓടെയാണ് വയനാട് നാടുകാണി ദളം കമാൻഡറായ സോമൻ പിടിയിലാകുന്നത്.
മാവോവാദികളുടെ വയനാട് -കണ്ണൂർ പ്രദേശങ്ങളിലെ വിഭാഗമായ കബനീദളത്തിന്റെ നേതാവായ സി.പി. മൊയ്തീൻ, തമിഴ്നാട് സ്വദേശിയായ സന്തോഷ് എന്നിവരാണ് ഇനി ശേഷിക്കുന്നവർ. പശ്ചിമഘട്ടത്തിലെ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയിലുള്ളവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. 2012ലാണ് വയനാട്ടിൽ മാവോവാദി സാന്നിധ്യം പൊലീസ് സ്ഥിരീകരിക്കുന്നത്. വിക്രം ഗൗഡയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. പൊലീസ് നടപടികൾ ഊർജിതമായതോടെ ഇയാൾ കർണാടകയിലേക്ക് കടന്നു.
പിന്നീട് സി.പി. മൊയ്തീന്റെ കീഴിൽ എട്ടംഗ സംഘമാണ് ഉണ്ടായിരുന്നത്. ഇതിൽ കർണാടക സ്വദേശിയായ സുരേഷ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റതോടെ അധികൃതർക്ക് മുന്നിൽ കീഴടങ്ങി. 2018ൽ വൈത്തിരി ഉപവൻ റിസോർട്ടിൽ പൊലീസിന്റെ വെടിയേറ്റ് മൊയ്തീന്റെ സഹോദരനായ സി.പി. ജലീലും തുടർന്ന് പടിഞ്ഞാറത്തറ വാളാരംകുന്നിൽവെച്ച് വേൽമുരുകനും കൊല്ലപ്പെട്ടു. കുപ്പു ദേവരാജ്, അജിത എന്നിവരെ നിലമ്പൂർ കരുളായി വനത്തിൽ പൊലീസ് വെടിവെച്ചുകൊന്നു. ലതയും സനോജും കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കവിത 2023ൽ കണ്ണൂരിലെ ഇരുട്ടിക്കടുത്ത് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ജിഷ, ജയണ്ണ എന്നിവർ കർണാടകയിലേക്ക് കടന്നുവെന്നും കരുതുന്നു.
കഴിഞ്ഞ ജൂലൈ 18ന് തൃശൂരിൽ പിടിയിലായ മനോജ് എന്ന ആശിഖിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സോമൻ പിടിയിലാകുന്നത്. കഴിഞ്ഞ ജൂൺ 25ന് മാനന്തവാടി തലപ്പുഴ മക്കിമലയിലെ കമ്പമലയിൽ മാവോദികൾ സ്ഥാപിച്ച കുഴിബോംബ് പൊലീസ് കണ്ടെത്തിയതായിരുന്നു ഒടുവിലത്തെ മാവോവാദി സംഭവം. ഞായറാഴ്ച പിടിയിലായ സോമൻ കൽപറ്റ ചുഴലി സ്വദേശിയാണ്. കൽപറ്റ ഗവ. കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ എ.ബി.വി.പിയിലാണ് പ്രവർത്തിച്ചത്. പഠനശേഷം പുസ്തക വിൽപന നടത്തി.
തുടർന്ന്, 2007ൽ കൽപറ്റ ആസ്ഥാനമായി ‘ഞായറാഴ്ച പത്രം’ എന്ന പേരിൽ നാലുപേജുള്ള പ്രസിദ്ധീകരണം നടത്തി. ചിട്ടി കമ്പനിയായ ‘മാരുതി ചിറ്റ്സി’നെതിരെ വാർത്തകൾ നൽകിയതോടെ സോമനെതിരെ വിവിധയിടങ്ങളിൽ സ്ഥാപനം കേസ് കൊടുക്കുകയും ജയിലിലാകുകയും ചെയ്തു. ഏറെ പേരെ വഞ്ചിച്ച വയനാട് ആസ്ഥാനമായ ‘മാരുതി ചിറ്റ്സ്’ പിന്നീട് പൂട്ടിപ്പോയി. ജയിൽ മോചിതനായശേഷം ‘പോരാട്ടം’ സംഘടനയിൽ പ്രവർത്തിച്ച സോമൻ 2010ലാണ് മാവോവാദി സംഘടനയിൽ ചേർന്നതും വീട് വിടുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.